X

ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍ മുസ്‌ലിം കുടുംബത്തെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു; മൂന്നുപേരുടെ നില ഗുരുതരം

ഫാറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ തീവണ്ടിയില്‍ ഒരുകൂട്ടമാളുകള്‍ മുസ്‌ലിംകുടുംബത്തെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു. കുടുംബത്തിലെ എട്ടുപേര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു.

ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു കുടുംബം. തീവണ്ടിയില്‍ ഒരാള്‍ കുടുംബത്തിന് നേരെയുള്ള ആക്രമണം തുടരുകയായിരുന്നു. പത്തുപേരടങ്ങുന്ന കുടുംബത്തിലെ ശാരീരിക വൈകല്യമുള്ള കുട്ടിയുടെ ചിത്രമെടുക്കാന്‍ തുനിഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇത് തടഞ്ഞതിനെ തുടര്‍ന്ന് കുടുംബവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തീവണ്ടി അടുത്ത സ്‌റ്റോപ്പിലെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ കയറി കുടുംബത്തിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്‍ച്ചയായുള്ള മര്‍ദ്ദനത്തിന് ശേഷം അവര്‍ ആഭരണങ്ങളുള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊള്ളയടിച്ചുവെന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുടുംബാംഗം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് എട്ടുപേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ തീവണ്ടിയിലെ എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പെരുന്നാളിനോടടുത്ത് ബീഫ് വാങ്ങിയെന്നാരോപിച്ച് ഡല്‍ഹിയില്‍ 16 കാരനായ ജുനൈദിനെ തീവണ്ടിയില്‍ കുത്തിക്കൊന്നിരുന്നു. ഇതിനുശേഷമാണ് വീണ്ടും തീവണ്ടിയില്‍ മുസ്‌ലിം കുടുംബത്തിനുനേരെയുള്ള ആക്രമണം നടക്കുന്നത്. രാജ്യത്ത് ഗോസംരക്ഷകര്‍ നിയമം കയ്യിലെടുക്കുകയാണെന്നും മനുഷ്യനെ കൊന്നിട്ടല്ല പശുക്കളെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷവും ബീഫിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. ഇന്നലെയും ബിജെപി പ്രാദേശിക നേതാവിനുനേരെ ഗോസംരക്ഷകരുടെ ആക്രമണം നടന്നിരുന്നു. ബീഫല്ല, ആട്ടിറച്ചിയാണ് കയ്യിലുള്ളതെന്ന് സലീം ഷാ പറഞ്ഞുവെങ്കിലും ഗോസംരക്ഷകര്‍ ആക്രമണം തുടരുകയായിരുന്നു.

chandrika: