ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‍ലിംകള്‍ വിവേചനത്തിന് ഇരയാകുന്നുവെന്ന വസ്തുത നിഷേധിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി എഴുത്തുകാരി സുധ മേനോന്‍.
ഒരു മുസ്‍ലിമിനെപ്പോലും ഭരണത്തില്‍ പങ്കാളി ആക്കാതെ വിദേശ രാജ്യങ്ങളിലെ വേദികളിലിരുന്ന് ഇവിടെ യാതൊരു വിവേചനവും ഇല്ലെന്നു പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.
മുസ്‍ലിം ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണെന്നും ഇന്ത്യയില്‍ 2014 ന് ശേഷം ഇതുവരെ മുസ്‍ലിം ജനസംഖ്യ കുറഞ്ഞിട്ടില്ലെന്നുമാണ് അമേരിക്കയിലെ പീറ്റേഴ്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ എക്കണോമിക്സിന്റെ പരിപാടിയില്‍ പങ്കെടുത്ത് നിര്‍മല പറഞ്ഞത്. മുസ്‍ലിംകള്‍ക്ക് നേരെയുള്ള അക്രമങ്ങളിലും വിവേചനത്തിലും ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ ഇക്കാര്യം മനസിലാക്കണം എന്നും അവര്‍ പറഞ്ഞു. ഇതിന് മറുപടിയുമായാണ് സുധ രംഗത്തുവന്നത്.
‘ഏകദേശം 17.2 കോടി മുസ്‍ലിംകള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്. ജനസംഖ്യയുടെ 14.2 ശതമാനം. പ്രിയപ്പെട്ട നിര്‍മലാ സീതാരാമന്‍, തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്തെ യൂണിയന്‍ ക്യാബിനറ്റില്‍, നിങ്ങള്‍ കൂടി അംഗമായ മന്ത്രിമാരുടെ കൂട്ടത്തില്‍, ഈ പതിനേഴുകോടി മനുഷ്യരില്‍ ഒരാള്‍ പോലുമില്ല എന്ന പരമസത്യം എന്നെങ്കിലും നിങ്ങളെ അലട്ടിയിട്ടുണ്ടോ? ആ പരമസത്യത്തെയാണ് ജനാധിപത്യമനുഷ്യര്‍ വിവേചനം എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ പോലും ബിജെപിക്ക് ഒരു മുസ്ലിം എംഎല്‍എ ഇല്ല. ബിജെപി ഭരിക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല’ -സുധ പറഞ്ഞു.