ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ വിചാരണ തടവുകാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ യഥാസമയം ഇവരുടെ കേസുകള്‍ നീതിയുക്തമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതായും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് അണ്ടര്‍ ട്രയല്‍ എന്ന പേരില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് വിചാരണ തടവുകാരുടെ എണ്ണത്തില്‍ ഇന്ത്യ 18-ാം സ്ഥാനത്താണ്. ഏഷ്യയില്‍ മൂന്നാമതും. 2015 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 67 ശതമാനം പേരും വിചാരണ തടവുകാരാണ്. കുറ്റക്കാരാണെന്ന് കണ്ടെത്താതെ വിചാരണ പൂര്‍ത്തീകരിക്കാത്തതോ, വിചാരണ നടക്കാത്തവരോ ആണിവരില്‍ ഏറിയ പങ്കും. കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടവരേക്കാളും രണ്ടു മടങ്ങ് വിചാരണ തടവുകാരാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജയില്‍ തടവുകാരുള്ള അമേരിക്കയില്‍ പോലും 20 ശതമാനം മാത്രമാണ് വിചാരണ തടവുകാരായുള്ളത്. സെക്ഷന്‍ 436 എ അനുസരിച്ച് ഏതു തരം വിചാരണ തടവുകാര്‍ക്കാണ് മോചനം ലഭിക്കുകയെന്നത് മിക്ക തടവുകാര്‍ക്കും അറിയില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. എസ്‌കോര്‍ട്ട് പോകാന്‍ പൊലീസുകാരില്ലാത്തത് കാരണം ആയിരക്കണക്കിന് വിചാരണ തടവുകാരെ യഥാസമയം കോടതികളില്‍ വിചാരണക്കായി ഹാജരാക്കുന്നില്ലെന്നും ഇത് ഇവരുടെ തടവ് നീണ്ടു പോകാന്‍ കാരണമാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍ വിചാരണ തടവുകാരില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ പിന്നാക്ക വിഭാഗക്കാരാണെന്നതാണ്.
53 ശതമാനം പേരും മുസ്്ലിം, ദലിത്, ആദിവാസി വിഭാഗക്കാരാണ്. 29 ശതമാനം പേരും നിരക്ഷരരും 42 ശതമാനം പേര്‍ക്കും പത്താം തരം യോഗ്യത പോലുമില്ല. വിചാരണ തടവുകാരുടെ എണ്ണത്തിലെ വര്‍ധനവു കാരണം മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണെന്നും ദീര്‍ഘകാലത്തെ ജയില്‍വാസം പീഡനങ്ങള്‍ക്കു കാരണമാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്.