ബഹുസ്വരതയില്‍ നിലകൊള്ളുന്ന ഇന്ത്യയില്‍ ഏക സിവില്‍ കോഡ് അപ്രായോഗികമാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം വ്യക്തമാക്കി. ഇസ്‌ലാമിക ശരീഅത്ത് സമ്പൂര്‍ണമാണ്. ഒരു വിധത്തിലുള്ള ഭേദഗതികളും അതില്‍ ആവശ്യമില്ല. ‘മുത്തലാഖ്’ കേന്ദ്ര സര്‍ക്കാര്‍ ഏകസിവില്‍കോഡ് നടപ്പിലാക്കാനായി ഉപയോഗിക്കുന്ന ഒരു ചൂണ്ടയാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എല്ലാ മത വിഭാഗങ്ങള്‍ക്കും തുല്ല്യ പങ്കാളിത്തവും സ്വാതന്ത്ര്യവുമുള്ള രാജ്യമാണ് ഇന്ത്യ. അടിസ്ഥാന പരമായി ഏകസിവില്‍കോഡ് മതവിശ്വാസങ്ങള്‍ക്കും മതേതരത്വത്തിനും എതിരാണ്. ഏകീകൃത വ്യക്തിനിയമം അപ്രായോഗികമാണ്. രാജ്യത്തെ മുസ്‌ലിംകള്‍ ഇതിനെ അംഗീകരിക്കില്ല. സമാനമനസ്‌കരുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നിലകൊള്ളും. വിവാഹം, വിവാഹ മോചനം തുടങ്ങിയ ശരീഅത്ത് നിയമങ്ങളില്‍ ഒരു തരം ഭേദഗതിയും ആവശ്യമില്ല. ശരീഅത്ത് പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതില്ലെന്നും യോഗം പ്രമേയത്തിലൂടെ മുന്നറിയിപ്പ് നല്‍കി.
ഏകസിവില്‍കോഡ് പ്രായോഗികമല്ലെന്ന ചിന്താഗതിയുള്ള മതേതര പ്രസ്ഥാനങ്ങള്‍, നിയമ വിദഗ്ധര്‍, ബുദ്ധി ജീവികള്‍ തുടങ്ങിയവരുമായി കൂടിയാലോചന നടത്തും. ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങള്‍ വിവിധ സംഘടനകള്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍, ഏകസിവില്‍കോഡ് വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കെല്ലാം ഏകാഭിപ്രായമാണുള്ളത്. ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. അവരുടെ ‘സിഗ്‌നേച്ചര്‍ ക്യാമ്പയിനെ’ പിന്തുണക്കും.
വിഷയങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കും. കേന്ദ്രസര്‍ക്കാരിനോട് മുസ്‌ലിം സംഘടനകളുടെ വിയോജിപ്പ് അറിയിക്കും. ഏക സിവില്‍കോഡ് കേന്ദ്രസര്‍ക്കാറിന്റെ അനവസരത്തിലുള്ള അജണ്ടയാണ്. ഇതിനെതിരെ ആരും മിണ്ടരുതെന്ന നിലപാട് ഫാസിസമാണ്. മോദിക്ക് മുസ്‌ലിം സ്ത്രീകളുടെ മാത്രം കാര്യത്തിലുള്ള വേവലാതി സംശയാസ്പദമാണ്. അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട വിഷയങ്ങളില്‍ നിന്ന് രാഷ്ട്രീയ ലക്ഷ്യം വെച്ച് കേന്ദ്ര ഭരണകൂടം ശ്രദ്ധ തിരിച്ചുവിടുകയാണ്. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര നിയമകാര്യ വകുപ്പ് പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കാനും യോഗം ആഹ്വാനം ചെയ്തു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ അഹമ്മദ് എം.പി, ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.വി അബ്ദുല്‍വഹാബ് എം.പി, കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ), ടി.പി അബ്ദുല്ലക്കോയ മദനി, പി.പി ഉണ്ണീന്‍കുട്ടി മൗലവി, എം മുഹമ്മദ് മദനി(കെ. എന്‍.എം), ഡോ.ഹുസൈന്‍ മടവൂര്‍, ഡോ.അനസ് കടലുണ്ടി, ഉബൈദുല്ല താനാളൂര്‍ (നദ്‌വതുല്‍ മുജാഹിദീന്‍), സി.പി സലീം (വിസ്ഡം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), എ നജീബ് മൗലവി, സമദ് മൗലവി മണ്ണാര്‍മല (സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ), ഡോ.പി.എ ഫസല്‍ഗഫൂര്‍ (എം.ഇ.എസ്), എഞ്ചിനീയര്‍ പി മമ്മദ്‌കോയ (എം.എസ്.എസ്), സിറാജ് ഇബ്രാഹീം സേട്ട്, അബ്ദുല്‍ഷുക്കൂര്‍ ഖാസിമി, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി (മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ്), മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറിമാരായ എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ഡോ.എം. ഐ അബ്ദുല്‍മജീദ് സ്വലാഹി, എച്ച്.ഇ മുഹമ്മദ് ബാസിത് ചര്‍ച്ചയില്‍ പങ്കെടുത്തു.