അഹമ്മദാബാദ് : രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാര്‍ ആരെ തുണച്ചു. തീവ്രഹിന്ദുത്വവും മുസ്‌ലിം വിരോധവും ഗുജറാത്തില്‍ ഒരിക്കല്‍കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും പഴറ്റിയപ്പോള്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കുപോലും മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കിയില്ല.
ആറു സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മത്സരംഗത്തിറക്കിയത്. ഇതില്‍ മൂന്നു പേര്‍ വിജയിക്കുകയും ചെയ്തു.അതേസമയം സ്വതന്ത്ര്യരായും മറ്റു പാര്‍ട്ടികള്‍ക്കു കീഴിലും മത്സരിച്ച മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് ജയമൊരുക്കുകയാണ് ചെയ്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ .
പതിനാറോളം സീറ്റുകളില്‍ ഇരുനൂറ് മുതല്‍ രണ്ടായിരം വരെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ബി.ജെ.പിയോട് തോറ്റത്. മുസ്‌ലിം വോട്ടുകള്‍ ഇത്തരത്തില്‍ ഭിന്നിച്ചിരുന്നില്ലെങ്കില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തിയ സാഹചര്യം തന്നെ ചിലപ്പോള്‍ മാറിയേനെ.
ജമല്‍പൂര്‍ ഖാദിയയില്‍ നിന്ന് ഇംറാന്‍ ഖേഡാവാല, ദരിയാപൂരില്‍ നിന്ന് ഗിയാസുദ്ദീന്‍ ഷെയ്ക്ക്, വാങ്കനീറില്‍ നിന്ന് മുഹമ്മദ് പിര്‍സാദ എന്നിവരാണ് ജയം സ്വന്തമാക്കിയ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ ബി.ജെ.പി 42 വര്‍ഷമായി സ്വന്തമാക്കി വെച്ചിരുന്ന ഖാദിയ 29,339 വോട്ടുകള്‍ക്ക് പിടിച്ചെടുത്ത ഇംറാന്‍ ഖേഡാവാലയുടേതാണ് ഏറ്റവും വലിയ വിജയം. വോട്ടര്‍മാരില്‍ 61 ശതമാനം ഉള്ള ഖാദിയയില്‍ ബി.ജെ.പിയുടെ അശോക് ഭട്ടിനെയാണ് ഖേഡാവാല തോല്‍പ്പിച്ചത്.
ദരിയാപൂരില്‍ എം.എല്‍.എ ആയിരുന്ന ഗിയാസുദ്ദീന്‍ ഷെയ്ക്ക് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ പിര്‍സാദ 1361 വോട്ടുകള്‍ക്ക് കടന്നു കൂടുകയാണുണ്ടായത്. ആദം ചാകി (ഭുജ്), ഇഖ്ബാല്‍ പട്ടേല്‍ (സൂറത്ത് വെസ്റ്റ്), സുലൈമാന്‍ പട്ടേല്‍ (വാഗ്ര) എന്നിവരാണ് തോറ്റ കോണ്‍ഗ്രസ് മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍.
2011ലെ സെന്‍സെസ് പ്രകാരം ഗുജറാത്തിലെ ജനസംഖ്യ നിരക്കില്‍ 9.65 ശതമാനം മുസ്‌ലിം മത വിശ്വാസികളാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗവും ഇവര്‍തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ മുഴുവനായും കോണ്‍ഗ്രസിന് അനുകൂലമായി ലഭിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ രണ്ടുപതിറ്റാണ്ടായി തുടരുന്ന അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി കഴിയില്ലായിരുന്നു. സ്വതന്ത്രരെ കൂടാതെ ബി.എസ്.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരംഗത്ത് ഇറക്കിയത്.