മംഗളൂരു: ഹനുമാന്‍ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സങ്കീര്‍ത്തന യാത്ര’യിലെ ആളുകള്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മുസ്‌ലിം യുവാക്കളെ തടഞ്ഞു നിര്‍ത്തി ജയ് ശ്രീറാം വിളിക്കാന്‍ ഭീഷണിപ്പെടുത്തി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിലാണ് സംഭവം.
ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പത്തോളം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മാണ്ഡ്യ താലൂക്കില്‍ ബംഗളൂരു-മൈസൂരു ഹൈവേയില്‍ സുന്ദഹള്ളിക്ക് സമീപമാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് മുസ്‌ലിം യുവാക്കള്‍ക്ക് നേരെയാണ് അക്രമം നടന്നത്. സങ്കീര്‍ത്തന യാത്രയ്ക്ക് പോകുകയായിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ യുവാക്കളെ വളയുകയായിരുന്നു. തുടര്‍ന്ന് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് വീഡിയോയിലുള്ളത്.
സംഭവത്തില്‍ മാണ്ഡ്യ റൂറല്‍ പൊലീസ് പ്രതികള്‍ക്കെതിരെ ബിഎന്‍എസ് 189 (2), 126 (2), 196, 352, ആര്‍വി 190 എന്നിവ പ്രകാരം സ്വമേധയാ കേസെടുക്കുകയായിരുന്നു.