വാഷിങ്ടണ്‍: ആറ് മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്കയിലേക്ക് കടക്കുന്നതില്‍നിന്ന് തടഞ്ഞുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഉത്തരവിനെതിരെ ഹവായ് ഭരണകൂടം കോടതിയെ സമീപിച്ചു. രണ്ടാം ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുന്ന ആദ്യ സ്‌റ്റേറ്റാണ് ഹവായ്. ട്രംപിന്റെ ആദ്യ ഉത്തരവിനെതിരെയും ഹവായ് കോടതി കയറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്. ഹവായിലെ മുസ്്‌ലിം സമൂഹത്തെയും വിനോദ സഞ്ചാരത്തെയും വിദേശ വിദ്യാര്‍ത്ഥികളെയും ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ട്രംപിന്റെ മുസ്്‌ലിം വിലക്കിനെതിരെയുള്ള നിയമപോരാട്ടത്തിന് ഒന്നര ലക്ഷം ഡോളര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ഡോഗ്ലസ് ചിന്‍ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് വംശജരായ അമേരിക്കക്കാരെ തടങ്കല്‍ പാളയത്തിലേക്ക് അയച്ചതാണ് ട്രംപിന്റെ ഉത്തരവ് ഓര്‍മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 15ന് രണ്ടാം ഉത്തരവ് പ്രാബല്യത്തില്‍വരുന്നതിനു മുമ്പ് തന്നെ ഹര്‍ജി പരിഗണിക്കുമെന്ന് ജില്ലാ കോടതി ജഡ്ജി ഡെറിക് വാട്‌സണ്‍ ഉറപ്പുനല്‍കി.