X

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടികളില്‍ ആണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്.

ആര്‍എസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഔസേപ്പച്ചന്‍ പറഞ്ഞു. ഈ വേദിയില്‍ എല്ലാവരും കൈ നീട്ടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നല്‍കിയ പാഠങ്ങളാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്മാര്‍ എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം എന്നും പറഞ്ഞു.

എന്നാല്‍ ഔസേപ്പച്ചന്‍ ബി.ജെ.പിയില്‍ അംഗത്വം എടുത്തതായോ സംഘപരിവാര്‍ നിലപാടുകള്‍ സ്വീകരിച്ചതായോ ഇതുവരെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പിയായ ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് വിവാദങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഔസേപ്പച്ചനെ ആര്‍.എസ്.എസ് വേദിയില്‍ കാണപ്പെടുന്നത്.

ആര്‍.എസ്.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ വിജയദശമി ദിവസത്തിലെ പഥസഞ്ചലനം പരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്. തൃശൂര്‍ പാർലമെന്റ് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ആര്‍.എസ്.എസ് വേദിയിലെ ഔസേപ്പച്ചന്റെ സാന്നിധ്യം ചര്‍ച്ചയാകുന്നത്.

മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കുന്നതിനായാണ് ആര്‍.എസ്.എസ് ഔസേപ്പച്ചനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

webdesk13: