വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ വരാതിരിക്കാന്‍ എല്ലാ മതേതര-ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്നും രാജ്യത്തെല്ലായിടത്തും പരക്കെ സ്വാധീനമുള്ള കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഏതൊരു സഖ്യവും ബി ജെ പി യെ സഹായിക്കുകയാണു ചെയ്യുകയെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമനാധികാരം കേന്ദ്ര ഗവണ്‍മെന്റില്‍നിന്നു നീക്കി സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള സുപ്രീംകോടതി ഇടപെടലിനെ മുശാവറ സ്വാഗതംചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നഷ്ടപ്പെടുത്തും വിധം വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന ബിജെപിയും എന്‍ ഡി എ മുന്നണിയും കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും മുന്നോട്ടു ഗമിക്കുന്നതില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ മേല്‍ കേന്ദ്ര ഗവണ്‍മെന്റിനു നിലവിലുള്ള അധികാരത്തിനു വലിയ സ്വാധീനമുണ്ട്. ഇതാണു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് എടുത്തു കളഞ്ഞിരിക്കുന്നത്.
മഞ്ചേരി ദാറുസ്സുന്നയില്‍ നടന്ന മുശാവറ യോഗത്തില്‍ പ്രസിഡന്റ് യു. അബ്ദുര്‍റഹീം മൗലവി കിടങ്ങഴി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എ. നജീബ് മൗലവി മമ്പാട് ഉദ്ഘാടനം ചെയ്തു.പുതിയ മുശാവറ അംഗങ്ങളായി കീഴന സഈദ് മുസ്ലിയാര്‍ എളയടം, ഇ.കെ. അബ്ദുര്‍റശീദ് മൗലവി നറുകര എന്നിവരെ തെരഞ്ഞെടുത്തു. കെ.കെ. കുഞ്ഞാലി മുസ്ലിയാര്‍ ചേലക്കാട്, പരപ്പനങ്ങാടി ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, യു. അലി മൗലവി കിടങ്ങളി, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, അഹ്മദ് ബാഖവി അരൂര്‍, മുയിപ്പോത്ത് അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, ഇ.എം. അബൂബക്ര്‍ മൗലവി ചെരയ്ക്കാപറമ്പ്, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടയ്ക്കല്‍, ഇ.കെ. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ.പി. അബ്ദുല്‍ അസീസ് മൗലവി തൃക്കലങ്ങോട്, എ.എന്‍ സിറാജുദ്ദീന്‍ മൗലവി വീരമംഗലം സംബന്ധിച്ചു