X

മുസാഫര്‍പൂര്‍ ബാലികാ കേന്ദ്രത്തിലെ പീഡനത്തില്‍ ഭര്‍ത്താവിന് പങ്ക്; മന്ത്രി രാജിവെച്ചു

പട്‌ന: മുസാഫര്‍പൂര്‍ ബാലികാ കേന്ദ്രത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ബ്രജേഷ് താക്കൂറുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ബിഹാര്‍ സാമൂഹ്യ ക്ഷേമ മന്ത്രി മഞ്ജു വെര്‍മ രാജിവച്ചു. കൃത്യവുമായി ബന്ധപ്പെട്ട ആരെയും താന്‍ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വന്നതിന്റെ പിറ്റേദിവസമാണ് മഞ്ജു രാജിവച്ചിരിക്കുന്നത്.

മഞ്ജുവിന്റെ ഭര്‍ത്താവ് ചന്ദേശ്വര്‍ വെര്‍മ ബാലിക കേന്ദ്രം സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് അറസ്റ്റിലായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഭാര്യ ആരോപിച്ചിരുന്നു. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം നേതാക്കളും പ്രതിപക്ഷവും മഞ്ജുവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ബിഹാര്‍ സര്‍ക്കാരിന് കീഴിലുള്ള മുസാഫര്‍പൂര്‍ ബാലികാഗൃഹത്തിലെ കുട്ടികള്‍ക്ക് ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ പുറത്തുവന്നത്. ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത മുപ്പത്തിനാല് പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് പ്രതികള്‍. അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

chandrika: