മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന് തിരികൊളുത്തിയ ബിജെപി എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥാണ് എംഎല്‍എമാരെ വെള്ള പൂശാനൊരുങ്ങുന്നത്. മുസഫര്‍ നഗറിലെ നഗ്‌ല മന്ദേര്‍ ഗ്രാമത്തിലെ മഹാപഞ്ചായത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ മൂന്ന് ബിജെപി എംഎല്‍എമാര്‍ക്കെതിരായ കേസാണ് പിന്‍വലിക്കുന്നത്
സംഗീത് സോം, സുരേഷ് റാന, കപില്‍ ദേവ് എന്നീ എംഎല്‍എമാര്‍ക്കെതിരെയാണ് കേസ് ചുമത്തിയിരുന്നത്. 2013 സെപ്തംബറിലാണ് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിന് തുടര്‍ന്ന് ജാട്ട് സമുദായം മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് നടന്ന കലാപങ്ങളില്‍ 65ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 40,000പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
മഹാപഞ്ചായത്തിനിടക്ക് അക്രമത്തിന് പ്രേരിപ്പിക്കും വിധം പ്രസംഗിച്ചതിനായിരുന്നു ബിജെപി എംഎല്‍എമാര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസ് എടുത്തത്. നേരത്തേ ബിജെപി എംപി സഞ്ജീവ് ബല്‍യാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രി യോഗിയെ കണ്ട് കലാപത്തില്‍ ഹിന്ദുക്കളുമായി ബന്ധപ്പെട്ടുള്ളുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.