ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച പ്രതിഷേധ സമ്മേളനം ഇന്ന് തുടങ്ങും. പുനഃസംഘടനക്ക് പിന്നാലെ കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാകിസ്ഥാന്‍ കശ്മീരിനൊപ്പം നില്‍ക്കുന്നു, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമ്മേളനം. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പുതിയ തീരുമാനം. പ്രതിഷേധ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങള്‍ക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. ഒരു വശത്ത് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാന്‍ തീര്‍ത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകള്‍ മെനയുകയാണെന്ന് ഇന്ത്യ യു.എന്നില്‍ വ്യക്തമാക്കി. കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകള്‍ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ പറഞ്ഞു. യു.എന്‍ മനുഷ്യാവകാശ കമ്മീഷനിലടക്കം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.