അനുയായികളോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ്. ശനിയാഴ്ച കഴിഞ്ഞ ഹരിയാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ് ആള്‍ദൈവം ദേര സച്ചാ സൗദ അനുയായികളോട് അഭ്യര്‍ത്ഥിച്ചത്.
രണ്ട് കൊലപാതക കേസുകളിലും ബലാത്സംഗ കേസിലും പ്രതിയായ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബി.ജെ.പി അനുകൂല പ്രഖ്യാപനം. 4 വര്‍ഷത്തിനിടെ നിരവധി കുറ്റങ്ങളില്‍ പ്രതിയായ ഇയാള്‍ 15 തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
നിശബ്ദ പ്രചാരണത്തിലൂടെയായിരുന്നു ഇയാള്‍ സര്‍സ സംഘടനയുടെ ആസ്ഥാനത്ത് വോട്ട് അഭ്യര്‍ത്ഥിച്ചത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇയാള്‍ ബി.ജെ.പി അനുകൂല നിലപാടുകള്‍ തന്നെയാണ് എടുത്തിരുന്നത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അനുയായികളോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബലാത്സംഗകുറ്റത്തിനും കൊലപാതകത്തിനും ശിക്ഷിച്ച ഇയാളുടെ പരോളും വോട്ട് ചെയ്യാനുള്ള ആഹ്വാനവും ഹരിയാനയിലെ ജനങ്ങളില്‍ വലിയ തരത്തിലുള്ള പ്രതിഷേധത്തിനിടയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആള്‍ദൈവം ഗുര്‍മീത് റാം സിംഗ് തന്റെ രണ്ട് ശിഷ്യന്മാരെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയിലാണ്. കൂടാതെ രണ്ട് കൊലപാതക കേസുകളില്‍ ജീലപര്യന്തത്തിനും ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. മുമ്പും ബി.ജെ.പിയോട് കൂറ് കാണിച്ച ഇയാള്‍ക്ക് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇഷ്ടാനുസരണം ആനുകൂല്യങ്ങളും പരോളും നല്‍കിയിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കടുത്ത നഷ്ടമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ കാണിച്ച അവഗണന, തൊഴിലില്ലായ്മ എന്നീ കാരണങ്ങളെല്ലാം ബി.ജെ.പി സര്‍ക്കാരിന് എതിരായ വിധി ഉണ്ടാവാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.