ഉത്തർപ്രദേശിലെ മുറാദാബാദിൽ ഗോഹത്യ ആരോപിച്ച് ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് ശാഹിദിൻ ഖുറൈശിയുടെ (37)കൂട്ടാളിയായ മുസ്ലിം യുവാവിനെ ഗോവധ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിൽ ഖുറൈശിയുടെ സഹോദരൻ മുഹമ്മദ് ഷജാദിന്റെ പരാതിയിൽ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇതിനിടയിലാണ് മുഹമ്മദ് ശാഹിദിൻ ഖുറൈശിക്കും സഹായി മുഹമ്മദ് അദ്നാനുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. അദ്നാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡിസംബർ 30ന് പുലർച്ചെയാണ് ജനക്കൂട്ടം ഖുറൈശിയെ ആക്രമിച്ചത്. അന്നുതന്നെ അദ്ദേഹം മരിച്ചു. മൂന്ന് കുട്ടികളുടെ പിതാവായ ഖുറൈശി പ്രമേഹവും വൃക്കരോഗങ്ങളും ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നയാളാണെന്ന് ഭാര്യ റിസ്വാന പറഞ്ഞു.
എന്തിനാണ് ആൾക്കൂട്ടം ഇത്ര ക്രൂരമായി മർദിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും മനുഷ്യജീവന് ഇത്ര വിലയില്ലാതായോ എന്നും ഭാര്യാസഹോദരി മസൂമ ജമാൽ ചോദിച്ചു.