ഷിബിലയുടെ കൊലപാതകം; പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു; യുവതിയുടെ കുടുംബം

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബില നേരിട്ടത് ക്രൂര പീഡനമെന്ന് കുടുംബം. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു. പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പൊലീസ് സ്റ്റേഷനില്‍ യാസിറിനെതിരെ പരാതി നല്‍കിയിരുന്നതായി പിതാവ് പറഞ്ഞു. തുടര്‍ന്ന് നാലു ദിവസത്തിനു ശേഷം പൊലീസ് ഒത്തു തീര്‍പ്പിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെന്നും പിന്നീട് ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ലന്നും പിതാവ് പറയുന്നു.

പ്രതി യാസിര്‍ ലഹരി ഉപയോഗിക്കുന്നതായും പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നു. മദ്യപിച്ചെത്തി മകളെ ഉപദ്രവിക്കാറുണ്ടെന്നും ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും യാസിറും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും പോലീസുകാരോട് പറഞ്ഞിരുന്നു. എന്നിട്ടും പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ലെന്നും പിതാവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് പിതാവ് വ്യക്തമാക്കി.

അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷിബിലയുടെ പിതാവ് അബ്ദുറഹിമാനും മാതാവ് ഹസീനയും അപകടനില തരണം ചെയ്തു.

ഭര്‍ത്താവിന്റെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മകള്‍ പറഞ്ഞിരുന്നെന്നും അതോടെ മകളെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നെന്നും പിതാവ് പറഞ്ഞു.

മാര്‍ച്ച് 18-നാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊലപാതകം. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിര്‍ വീട്ടിലെത്തിയതെന്നും ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ ഉപ്പ തടസ്സം നിന്നെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം യാസിര്‍ ഷിബിലയെ ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കിയിരുന്നുവെന്ന് ഷിബിലയ്ക്ക് നിയമസഹായം നല്‍കിയ സലീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

 

webdesk17:
whatsapp
line