വിവരാവകാശ പ്രവർത്തകൻ അമിത് ജെത്വയെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി മുൻ എം.പി ദിനുസോളങ്കി ഉൾപ്പെടെ 7 പേരെ ജീവപര്യന്തം ശിക്ഷിച്ച സി.ബി.ഐ കോടതി വിധി ഗുജറാത്ത് ഹൈകോടതി റദ്ദാക്കി. പ്രതികളുടെ അപ്പീലിലാണ് എല്ലാവരെയും കുറ്റവിമുക്തരാക്കിയത്. മുൻകൂട്ടി തീരുമാനിച്ചപോലെയാണ് വിചാരണ കോടതി വിധിയെന്ന് ജസ്റ്റിസുമാരായ എ.എസ്.സുപേഹിയ, വിമൽ കെ.വ്യാസ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണം അശ്രദ്ധയോടെയും മുൻ വിധിയോടെയുമായിരുന്നു. സാക്ഷികളെ വിശ്വാസത്തിലെടുക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി.
2010 ജൂലൈ 20ന് ഹൈകോടതി പരിസരത്താണ് ജെത്വ വെടിയേറ്റു മരിച്ചത്. ദിനു സോളങ്കിയുടെ നിയമവിരുദ്ധ ഖനനം വിവരാവകാശ നിയമപ്രകാരം തുറന്നുകാട്ടാൻ ജെത്വ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ഗുജറാത്ത് സി.ഐ.ഡി അന്വേഷിച്ച കേസ് 2012 സെപ്റ്റംബറിലാണ് ഹൈകോടതി സി.ബി.ഐക്ക് വിട്ടത്. 2013 നവംബറിലാണ് ദിനു സോളങ്കിയെ സി.ബി.ഐ അറസ്റ്റ്ചെയ്തത്.
2019 ജൂലൈ 11ന് സോളങ്കി ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ച വിചാരണ കോടതി 15 ലക്ഷം രൂപ പിഴ നൽകാനും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വർഷം ദിനു സോളങ്കിയുടെയും മരുമകൻ ശിവ സോളങ്കിയുടെയും ശിക്ഷ സസ്പെൻഡ് ചെയ്ത ഹൈകോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.