ആലുവയില്‍ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. അതിവേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ കേസില്‍ ഏകപ്രതി അസഫാക് ആലമിന് ശിക്ഷ വിധിക്കുന്നത് കൃത്യം നടന്ന് നൂറാം ദിവസമാണ്.
എറണാകുളം പോക്‌സോ കോടതിയിലാണ് കേസ് വിധി പുറപ്പെടുവിക്കുക. ഒക്ടോബര്‍ നാലിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ജൂലൈ 28ന് ബിഹാര്‍ സ്വദേശിയായ ദമ്പതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.
എറണാകുളം പോക്‌സോകോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിക്കുക. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി അസഫാക് ആലം കൂട്ടിക്കൊണ്ടുപോയത്. ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊന്ന് ചാക്കില്‍ കെട്ടി ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ചു.