കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സേവനം ചെയ്യവെ യുവ ഡോക്ടര്‍ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അഞ്ച് പോലീസുകാരുടെ സംരക്ഷണത്തില്‍ വൈദ്യപരിശോധനക്ക് എത്തിയ പ്രതി ഒരു ഡോക്ടറെ കുത്തിക്കൊന്നു എന്നത് നിസ്സാരമായി കാണാനാവില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
അപലപിക്കലും അന്വേഷണവും പോലുളള പതിവ് പല്ലവി ഈ വിഷയത്തില്‍ അംഗീകരിക്കാനാവില്ല. പതിവായി വീട് വിട്ട് ഉപജീവനത്തിനിറങ്ങുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍റെ പ്രശ്നമാണ്. ജനങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തയ്യാറാകണം. – മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പോലും സുരക്ഷിതരല്ലെങ്കില്‍ കേരളത്തിന്‍റെ പോക്ക് എങ്ങോട്ടാണ്?. കൊല ചെയ്യപ്പെട്ട ഡോക്ടര്‍ ”എക്സ്പീരിയന്‍സ്ഡ്” അല്ല എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധവും മരണപ്പെട്ട ആളെ അവഹേളിക്കലുമാണ്. പോലീസ് സംരക്ഷണയില്‍ ഒരു പ്രതി കത്തിയെടുത്ത് കുത്തുന്നതിനെ പ്രതിരോധിക്കാനും കൂടി ഡോഃ വന്ദന അഭ്യസിക്കേണ്ടിയിരുന്നു എന്നാണോ മന്ത്രി ഉദ്ധശിച്ചത്. ഈ കൊലപാതകത്തിന് ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും മറുപടി പറഞ്ഞേ പറ്റൂ.- അദ്ദേഹം പറഞ്ഞു.