ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം
കൊണ്ടോട്ടി:താനൂരില്‍ മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവിനെ കാമുകനൊപ്പംചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി മമ്മാലിന്റെ പുരക്കല്‍ സൗജത്തി (36)നെയാണ് പുളിക്കല്‍ വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതമാണെന്നാണ് പൊലീസിന്റെ സംശയം. ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇവര്‍ക്കൊപ്പം പ്രധാന പ്രതിയായ കാമുകന്‍ താനൂര്‍, തെയ്യാല സ്വദേശി ബഷീറിനെയാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയത്. കോട്ടക്കല്‍ താമസ സ്ഥലത്ത് കണ്ടെത്തിയ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലാണിപ്പോള്‍.
2018 ലായിരുന്നു മരിച്ച സൗജത്ത് പ്രതിയായ കേസ്. സൗജത്തിന്റെ ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദ് (40) ആണ് തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നത്. സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് പുലര്‍ച്ചെ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യതൊഴിലാളി സവാദിനെ തലക്കടിച്ചും കഴുത്തറുത്തുമാണ് കൊല പാതകം നടത്തിയതായാണ് കേസ്. ഇതിനായി ഗള്‍ഫില്‍ നിന്നും മംഗലാപുരം വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ ബഷീര്‍ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയതായിരുന്നു. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്‍ ബഷീറിന്റെ കൂടെ ജീവിക്കാനാണ് കൊല പാതകം നടത്തിയത് എന്നായിരുന്നു സൗജത്ത് പൊലീസിനോട് സമ്മതിച്ചിരുന്നത്.കേസില്‍ ഭാര്യ സൗജത്തിനെയും (26) സഹായി സൂഫിയാനെയും (24) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറ ങ്ങിയ സൗജത്ത് ഏഴ് മാസം മുമ്പാണ് പുളിക്കല്‍ വലിയപറമ്പില്‍ ക്വോര്‍ട്ടേഴ്‌സില്‍ കിഴിശ്ശേരി സ്വദേശി അബ്ദുല്‍ നാസറിനൊപ്പം താമസമാക്കിയത്.
സംഭവം നടന്നപ്പോള്‍ നാസര്‍ സ്ഥലത്തില്ലായിരുന്നു. സൗജത്ത് ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ നാസര്‍ സ്ഥലത്തെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാത്തത് കണ്ട് ജനല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടതെന്നാണ് പൊലീസ് പറയുന്നത്. നാസര്‍ ഇല്ലാത്ത തക്കത്തില്‍ ബഷീര്‍ ക്വോര്‍ട്ടേഴ്‌സില്‍ എത്തിയതാവുമെന്ന് കരുതുന്നു. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെ ഇടക്കാല ജാമ്യത്തില്‍ കഴിയുകയായിരുന്നു ഇരുവരും. ബഷീറും സൗജത്തുമായി തര്‍ക്കങ്ങളുണ്ടായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ബഷീര്‍.കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സൗജത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.