തൊടുപുഴയിലെ കൊലപാതകം; നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖും മുഹമ്മദ് അസ്ലമും ചേര്‍ന്നാണ് ബിജുവിനെ മര്‍ദിച്ചത്. ഇടുക്കി കലയന്താനിയിലാണ് വാന്‍ ഒളിപ്പിച്ചത്. ബിജുവിന്റെ സ്‌കൂട്ടര്‍ എറണാകുളം വൈപ്പിനിലുമാണ് ഒളിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമിന്‍ എന്നിവരുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ ഇടത്ത് നിന്ന് ബിജുവിന്റെ ചെരിപ്പും പെപ്പര്‍ സ്‌പ്രേയും ഗോഡൗണില്‍ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു.

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

webdesk18:
whatsapp
line