X

കുറ്റസമ്മതം വിശ്വസനീയമായില്ല; കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു

കോഴിക്കോട്: കൊലപാതക കേസില്‍ ഏഴ് വര്‍ഷത്തിന് ശേ ഷം കുറ്റസമ്മത മൊഴിയുമായി കോടതിക്ക് മുന്‍പിലെത്തിയ പ്രതിയെ വെറുതെ വിട്ടു. 2008 ഫെബ്രുവരി 24 ന് കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പ്പാലത്തിന് താഴെ, കൊയിലാണ്ടി നടേരി ചെറുകണ്ടിക്കോട്ടയില്‍ മോദിയെന്ന കെ.വി മോയിന്‍കുട്ടി (65) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തിയ കേസിലാണ് വിധി. ശരീരത്തില്‍ 44 ഓളം പരിക്കുകളേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു മോയിന്‍കുട്ടിയെ കാണപ്പെട്ടത്. എന്നാല്‍ കേസില്‍ ടൗണ്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് 2015 ല്‍ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ബഷീര്‍ കൃത്യം നടത്തിയെന്ന് സുഹൃത്തിനോട് കുറ്റസമ്മതം നടത്തിയെന്നായിരുന്നു പൊലീസ് വാദം. ബഷീറിന്റെ സുഹൃത്തായ വി.പി മുഹമ്മദ് കുറ്റസമ്മതം കോടതിക്ക് മുന്‍പില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സിറ്റി പൊലീസിന് കീഴിലെ പ്രത്യേക അന്വേഷണ വിഭാഗമായ ഡി.സി.ആര്‍.ബി കേസില്‍ പുനരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും 13 തൊണ്ടി മുതലുകളും ഹാജരാക്കി.

കേസില്‍ സാഹചര്യത്തെളിവുകളും കുറ്റസമ്മത മൊഴിയും അവിശ്വസനീയമാണെന്ന് കണ്ടെത്തിയ കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി (മാറാട്) പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എം അനില്‍കുമാര്‍, അ ഡ്വ. വി.പി ബീന എന്നിവര്‍ ഹാജരായി.

chandrika: