കൊച്ചി എടവനക്കാട് യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പ്രതി തെളിവുകള്‍ നശിപ്പിച്ചതായി എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍. തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റിയാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സജീവന്‍ പൊലീസിന് മൊഴി നല്‍കി. ഇതിന് വേണ്ടി ഉപയോഗിച്ച കയര്‍ പ്രതി കത്തിച്ചു കളഞ്ഞതായി പൊലീസിനോടു വെളിപ്പെടുത്തി. ഭാര്യയിലുണ്ടായ സംശയമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്‌തെന്നും എസ്പി വ്യക്തമാക്കി. 2021 ഓഗസ്റ്റ് 16നാണ് കൊലപാതകം നടന്നതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഈ സമയം രണ്ടുമക്കളും വീട്ടില്‍ ഇല്ലായിരുന്നു. രമ്യയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം മുറിയില്‍ സൂക്ഷിച്ച മൃതദേഹം രാത്രി വീടിന്റെ മുറ്റത്ത് കിഴക്കുഭാഗത്ത് കുഴിച്ചുമൂടി.
പെയ്ന്റിങ്ങ് തൊഴിലാളിയായ പ്രതി ഇതിനുശേഷം യാതൊന്നും സംഭവിക്കാത്ത രീതിയില്‍ പതിവുപോലെ പണിക്കും മറ്റും പോയി. കേസിന്റെ തുടക്കത്തില്‍ ഒരു തരത്തിലുള്ള സൂചനയും ലഭിച്ചിരുന്നില്ല. സമൂഹത്തില്‍ സജീവന്‍ നല്ലൊരു വ്യക്തിയായിരുന്നു. മറ്റ് ക്രിമിനല്‍ കേസുകളൊന്നും ഇയാള്‍ക്കെതിരെയില്ല. അതുകൊണ്ട് തന്നെ സജീവനെ ആദ്യം സംശയമുണ്ടായിരുന്നില്ല. അമ്മ ബംഗളൂരുവില്‍ ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ പോയിരിക്കുകയാണെന്നാണ് ഇയാള്‍ മക്കളെ പോലും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കോഴ്‌സിനുപോയ ഭാര്യ അതുവഴി ഗള്‍ഫില്‍ പോയെന്നും പിന്നീട് കാമുകനൊപ്പം ഒളിച്ചോടി പോയെന്നുമാണ് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ധരിപ്പിച്ചിരുന്നത്.