എടവണ്ണ പുലിക്കുന്ന് മലയില്‍ ചെമ്പക്കുത്ത് അറയിലകത്ത് റിദാന്‍ ബാസില്‍ വെടിയേറ്റ് മരിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത മുഖ്യ പ്രതി കൊളപ്പാടന്‍ മുഹമ്മദ് ഷാനുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. നാലുദിവസത്തേക്കാണ് കോടതി കസ്റ്റഡി സമയം അനുവദിച്ചത്.
മരണം ഉറപ്പാക്കിയശേഷം മടങ്ങുംവഴി സീതിഹാജി പാലത്തില്‍നിന്ന് റിദാന്റെ ഫോണ്‍ ചാലിയാറിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതി നല്‍കിയ മൊഴി. ഇതുപ്രകാരം ഫോണ്‍ കണ്ടെടുക്കാനുള്ള തിരച്ചിലാണ് പൊലീസ് ആദ്യം തുടങ്ങിയത്. ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന് ചാലിയാറില്‍ തിരച്ചില്‍ തുടങ്ങി.
പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡിവൈ.എസ്.പിമാര്‍, നിലമ്പൂര്‍ സി.ഐ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരച്ചില്‍.
ഇ.ആര്‍.എഫിന് വെള്ളത്തില്‍നിന്ന് ഒരുഫോണ്‍ കിട്ടിയെങ്കിലും ഇത് കൊല്ലപ്പെട്ട റിദാന്റെ അല്ലെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയും റിദാന്റെ ബന്ധുകളും ഫോണ്‍ റിദാന്റേതല്ലെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ 22നാണ് റിദാന്‍ ബാസിലിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. കേസില്‍ മുഹമ്മദ് ഷാന്‍ ഉള്‍പ്പെടെ റിദാന്റെ സുഹൃത്തുക്കളായ നാലുപേരെ അറസ്റ്റ് ചെയ്തു.