X

വി.മുരളീധരന്‍ രാജ്യസഭയിലേക്ക്, തുഷാറിനെ കൈവിട്ടു : ചെങ്ങന്നൂരില്‍ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന് വെള്ളാപ്പള്ളി

തിരുവന്തപുരം. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി ഔദ്യോഗികമായി പുറത്തുവിട്ട 18 പേരുടെ പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. ഈ പട്ടിക ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക അംഗീകരിച്ചു. വി. മുരളീധരന്‍ ഇന്ന് മുംബൈയിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് മുരളീധരന് സീറ്റ് ലഭിക്കുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന് സീറ്റ് ലഭിച്ചത്. മുരളീധരനെ കൂടാതെ നാരായണ്‍ റാണയാണ് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

രാജ്യസഭ സീറ്റ് പ്രഖ്യാപനത്തോടെ ബി.ഡി.ജെ.എസ്-ബി.ജെ.പി ബന്ധം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ബി.ജെ.പി നല്‍കുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് വി.മുരളീധര്‌ന് നറുക്കുവീണത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റു നല്‍കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

സീറ്റ് ലഭിക്കാതെ വന്നത്തോടെ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് കിട്ടില്ല. സവര്‍ണ്ണ അജണ്ടയുള്ള ബി.ജെ.പി ചെങ്ങന്നൂരില്‍ ജയിക്കാന്‍ കേന്ദ്രഭരണത്തിന്റെ മറവില്‍ ഏതടവും പ്രയോഗിക്കുമെന്ന് മലയാളത്തിലെ പ്രമുഖ ചാനലിനോട് പ്രതികരിച്ചു. ഘടകകക്ഷികള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞത് കൊടുക്കാനുള്ള മര്യാദ ബിജെപി നേതൃത്വം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറ്റ് ലഭിക്കാതെ വന്നത്തോടെ ഈ മാസം 14 ന് നടക്കുന്ന ബിഡിജെഎസ് യോഗം ഇതോടെ നിര്‍ണായകമായി.

ബി.ഡി.ജെ.എസിനെ പിണക്കിയാല്‍ സംസ്ഥാന ബി.ജെ.പി നേരിടുന്ന ആദ്യ വെല്ലുവിളി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പാകും. ഘടകകക്ഷികളെ കൂടെ നിര്‍ത്താതെ കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയെ ബാധിക്കുമോ എന്ന് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പോടെ അറിയാനാകും. അതേസമയം ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ട് നിലനിര്‍ത്താനായില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ക്ക് അതു വലിയ തിരിച്ചടിയാവും.

chandrika: