തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയത് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ആദ്യം മുതല്‍ ഡാമുകള്‍ തുറന്നിരുന്നെങ്കില്‍ ഇത്രയും ദുരിതം വിതക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട സമയത്ത് സര്‍ക്കാര്‍ 20-ാമത്തെ മന്ത്രിയെ വെക്കുന്ന ചര്‍ച്ചയിലായിരുന്നു. ഇതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മഴ ശക്തമായി. അപ്പോഴും ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ ട്രയല്‍ റണ്‍ വേണമെന്നാണ് മന്ത്രി എം.എം മണി പറഞ്ഞത്. ജലവിഭവ മന്ത്രി അന്നേരവും പറഞ്ഞത് ഡാം തുറക്കേണ്ടതില്ലെന്നാണ്. പിന്നീട് എല്ലാ ഡാമുകളും ഒന്നിച്ചു തുറക്കുകയായിരുന്നു. ഇതാണ് കേരളത്തെ ഏറ്റവും വലിയ പ്രളയമാക്കിയത്. കുട്ടനാട്ടിലൊക്കെ വന്‍ പ്രളയമായിരുന്നു. ആരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് കുട്ടനാട് എം.എല്‍.എ പോലും ചെല്ലുന്നത്. ബാണാസുര സാഗര്‍ ഡാം തുറന്നത് ഏഴാം തിയതി. മുന്നറിയിപ്പ് നല്‍കിയത് എട്ടാം തിയതിയും. മുന്നറിയിപ്പില്ലാതെ ജനങ്ങളെ ദുരിതത്തിലാക്കുകയായിരുന്നു, മുരളീധരന്‍ പറഞ്ഞു.
ആദ്യമായി അമ്പതിനായിരം പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് എം.എല്‍.എ സജി ചെറിയാന്‍ പറഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഭീകരത പുറത്തുവന്നത്. വീണ ജോര്‍ജ്ജ് എം.എല്‍.എയും ഏകീകരണം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥത തുറന്നു പറഞ്ഞ നാലു എം.എല്‍.എമാരില്‍ മൂന്നു പേര്‍ ഭരണപക്ഷത്തുള്ളവരായിരുന്നു. മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി തന്നെ സമ്മതിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.