കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കേന്ദ്ര മന്ത്രി വി. മുരളീധരന്റ പഴയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എയര്‍പോര്‍ട്ട് കാംഗാര്‍ യൂണിയന്‍(ബി.എം.എസ്) പ്രതിനിധികള്‍ നിവേദനം നല്‍കി എന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ പോസ്റ്റിന് താഴെ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
2018 ഡിസംബര്‍ 28നാണ് കേന്ദ്ര വ്യോമായന മന്ത്രി സുരേഷ് പ്രഭുവുമായി മുരളീധരന്‍ കൂടിക്കാഴ്ച്ച നടത്തിയത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കുന്നതിലെ നയങ്ങള്‍ പുനപരിശോധിച്ച് വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും വി. മുരളീധരന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പും വികസനവും 50 വര്‍ഷത്തേക്ക് കരാര്‍ നല്‍കാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്. എന്നാല്‍ സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ കീഴില്‍ത്തന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.