തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയെന്ന് മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തെക്കുറിച്ചറിയാന്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി. ആഭ്യന്തരമന്ത്രിയുടേയും ഗവര്‍ണറുടേയും മുന്നില്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നും മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിയേയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയേയും ഇന്നലെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. അക്രമം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കു മുമ്പാണ് മാധ്യമങ്ങളോട് ആക്രോശവുമായി മുഖ്യമന്ത്രി എത്തിയത്. യോഗം നടക്കുന്ന ഹാളിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കൂപുറത്തെന്നായിരുന്നു പിണറായിയുടെ ആക്രോശം. പരാമര്‍ശം വിവാദമായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യോഗത്തിലേക്ക് ക്ഷണമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.