X

മൂന്നാര്‍ ഹര്‍ത്താലില്‍ പരക്കെ അക്രമം; ടാക്‌സി ഡ്രൈവര്‍ക്കു മര്‍ദനം

മൂന്നാര്‍: മൂന്നാറില്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. വിദേശ സഞ്ചാരികളുമായി എത്തിയ ടാക്‌സി ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു. വിദേശ സഞ്ചാരികള്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തി. പൊലീസ് നോക്കിനില്‍ക്കെയാണു ഹര്‍ത്താല്‍ അനുകൂലികള്‍ സംഘര്‍ഷം അഴിച്ചുവിട്ടത്. പ്രതിഷേധക്കാരെ തടയാനോ, വാഹനങ്ങള്‍ക്കു യാത്രാ സൗകര്യമൊരുക്കാനോ പൊലീസ് ശ്രമിച്ചില്ല. നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇടുക്കിയിലെ പത്തു പഞ്ചായത്തുകളിലാണ് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഇന്ന് രാവിലെ ആറ് മണിക്കാണ് ഹര്‍ത്താല്‍ തുടങ്ങിയതെങ്കിലും സോഡാക്കുപ്പിയും മറ്റും റോഡില്‍ പൊട്ടിച്ചിട്ട് ഗതാഗതം തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഏതാനും കടകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ബലമായി അടപ്പിക്കുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മൂന്നാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് വാഹനങ്ങള്‍ തടയാനും മറ്റും പ്രധാനമായും റോഡില്‍ നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു സി.പി.ഐയെ ഒഴിവാക്കി പഴയ മൂന്നാര്‍ സംരക്ഷണ സമിതിയെ പുനരുജ്ജീവിപ്പിച്ച് കൊണ്ട് എസ്.രാജേന്ദ്രന്‍ എം.എല്‍.എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ റവന്യൂവകുപ്പിനെതിരെ സമരം പ്രഖ്യാപിച്ചത്.

അതേ സമയം മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് നടപടിയെടുത്ത റവന്യൂ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. മൂന്നറിലെ റവന്യൂ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എം.ജെ തോമസിനെയാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തെ നെടുംകണ്ടം അഡീഷണല്‍ തഹസില്‍ദാര്‍ ആയിട്ടാണ് സ്ഥലം മാറ്റിയത്.

നേരത്തെ മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കതിരെ തോമസ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പല വമ്പന്‍മാരുടെയും പേരുകള്‍ ഇതിലുണ്ടായിരുന്നു. ഇതാണ് നടപടിക്കിടയാക്കിയതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. തോമസിന്റെ റിപ്പോര്‍ട്ടിനെതിരെ സിപിഐഎമ്മും മൂന്നാര്‍ സംരക്ഷണ സമിതിയും പരസ്യമായി പ്രതിഷേധിച്ചിരുന്നു.

മൂന്നാറില്‍ കെട്ടിടം പണിയാനായി റവന്യൂവകുപ്പിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിന് പിന്നില്‍ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. നിയമലംഘനം നടത്തിയവര്‍ക്കെതിരേ നോട്ടീസ് അയച്ച് കൊണ്ട് ശക്തമായ നടപടിയുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സ്ഥലം മാറ്റം. ഉദ്യോഗസ്ഥനെ മാറ്റണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

chandrika: