തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ പേരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വൈദ്യുതിമന്ത്രി എം.എം മണിയും തമ്മില്‍ ആരംഭിച്ച വാക്‌പോര് മുറുകുന്നു. തന്നെ കയ്യേറ്റമാഫിയയുടെ ആളായി ചിത്രീകരിച്ച അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി വീണ്ടും രംഗത്തെത്തി.
ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് വി.എസിന്റെ പേര് പരാമര്‍ശിക്കാതെ മണി വിമര്‍ശിക്കുന്നത്. പരസ്യപ്രസ്താവനക്ക് പാര്‍ട്ടി വിലക്ക് നിലനില്‍ക്കുന്നതിനാലാണ് താന്‍ കൂടുതലൊന്നും പറയാത്തതെന്നും ഉമ്മന്‍ചാണ്ടിയുടെ മാന്യതപോലും വി.എസിനില്ലെന്നും മണി തുറന്നടിച്ചു.
മൂന്നാറില്‍ ടാറ്റാക്ക് അമ്പതിനായിരം ഏക്കര്‍ അനധികൃത കയ്യേറ്റ ഭൂമിയുണ്ടെന്ന് പറഞ്ഞാണ് പണ്ട് വി.എസ് ഞങ്ങളെ സമരത്തിന് ഇറക്കിയത്. എന്നാല്‍ ഇതേക്കുറിച്ച് വി.എസ് പിന്നീടൊന്നും പറഞ്ഞില്ല. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ ഭൂമിയുടെ കാര്യത്തില്‍ വി.എസ് മര്യാദ കാട്ടിയില്ലെന്നും വി.എസിന് ഓര്‍മക്കുറവുണ്ടെന്നും അദ്ദേഹം പറയുന്നതിനൊന്നും മറുപടി പറയാതിരിക്കുന്നതാണ് അന്തസ്സെന്നും മണി പറഞ്ഞു. അതേസമയം ഇന്നലെ വിവാദങ്ങള്‍ക്ക് മറുപടി പറയാതിരുന്ന വി.എസ്, ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രി മണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി പ്രസ്താവനയിറക്കി. ഇതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ട് വി.എസിന് മറുപടിയുമായി എം.എം മണി വീണ്ടും രംഗത്ത് എത്തിയതോടെ വിഷയം പാര്‍ട്ടിയിലും മുന്നണിയിലും സര്‍ക്കാറിലും വന്‍വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം വി.എസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭൂമി കയ്യേറുന്നവര്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന പരാമര്‍ശമാണ് എം.എം മണിയെ ചൊടിപ്പിച്ചത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ ആര്‍ജവത്തോടെ മുതിരുന്നവരുടെ കൈവെട്ടും കാല്‍വെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നൊക്കെ വിളിച്ചു പറയുന്ന ഭൂമാഫിയയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു. വേണ്ടിവന്നാല്‍ താന്‍ വീണ്ടും മൂന്നാറിലേക്ക് പോകുമെന്ന മുന്നറിയിപ്പും ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന് പിന്തുണയും വി.എസ് നല്‍കിയിരുന്നു.
മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് വി.എസ് കാര്യങ്ങള്‍ പഠിക്കുന്നില്ലെന്നായിരുന്നു തുടക്കത്തില്‍ എം.എം മണി പറഞ്ഞത്. അതിന് മറുപടി നല്‍കിയ വി.എസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ”ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണ്.” എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തില്‍ വി.എസ് അസംതൃപ്തനാണ്. ഭൂമാഫിയ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് വി.എസ് ചൂണ്ടിക്കാട്ടുന്നു.