X
    Categories: MoreViews

നഗരസഭയില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി മീററ്റ് മേയര്‍

മീററ്റ്: നഗരസഭാംഗങ്ങള്‍ പങ്കെടുക്കുന്ന എല്ലാ യോഗങ്ങളിലും വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് യു.പി മേയറുടെ നിര്‍ദേശം. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിനുപിന്നാലെ മീററ്റ് മേയര്‍ ഹരികാന്ത് ആലുവാലിയയാണ് വിവാദ നിര്‍ദേശവുമായി രംഗത്തെത്തിയത്.

ചൊവ്വാഴ്ച മീററ്റ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പൊതു പരിപാടിക്കിടെ വന്ദേമാതരം ആലപിക്കുന്ന വേളയില്‍ മുസ്്‌ലിം പ്രതിനിധികള്‍ ഹാളിന് പുറത്തിറങ്ങിയതാണ് വിവാദങ്ങളുടെ തുടക്കം. ഇതോടെ ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന വാദവുമായി ബി.ജെ.പി അംഗങ്ങള്‍ രംഗത്തെത്തുകയും ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കത്തിന് വഴിയൊരുക്കുകയും ചെയ്തു.

തുടര്‍ന്ന് നഗരസഭാ കൗണ്‍സിലില്‍ മേയര്‍ മുന്‍കൈയെടുത്ത് അവതരിപ്പിച്ച പ്രമേയത്തിലാണ് വന്ദേമാതരം നിര്‍ബന്ധമായും അവതരിപ്പിക്കണമെന്ന് നിര്‍ദേശിച്ചത്. 80 അംഗ നഗരസഭയില്‍ 45 ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ മറ്റുള്ളവര്‍ എതിര്‍ത്തു. ഇതേതുടര്‍ന്ന് ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം പാസായതായി മേയര്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്താനാകൂ.
മുസ്്‌ലിം മേയര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തും വന്ദേമാതാരം ആലപിക്കാറുണ്ടായിരുന്നുവെന്നും മാതൃരാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമാണിതെന്നും ബി. ജെ.പി വാദിച്ചു.
വന്ദേമാതരത്തിലെ ചില പദപ്രയോഗങ്ങള്‍ മുസ്്‌ലിം വിശ്വാസവുമായി യോജിച്ചു പോകുന്നതല്ലെന്ന വാദമാണ് പ്രമേയത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചത്. വന്ദേമാതരം ആലപിക്കല്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

chandrika: