X

വയല്‍ക്കിളി സമരം: ജനവികാരം മാനിച്ച് ബദല്‍മാര്‍ഗം തേടണമെന്ന് മുനീര്‍

 

തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരായ ജനവികാരം പരിഗണിച്ച് ബദല്‍വഴി തേടണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പ്രതിഷേധങ്ങളെ തച്ചുതകര്‍ത്ത് മുന്നോട്ടുപോയാല്‍ ജനം സര്‍ക്കാറിന് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു മുനീര്‍. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 29 ഹെക്ടര്‍ ഭൂമിയാണ് ബൈപ്പാസ് നിര്‍മാണത്തിനായി വേണ്ടത്. ഇതില്‍ 21 ഹെക്ടര്‍ ഭൂമിയും വയലും തണ്ണീര്‍ത്തടങ്ങളുമാണ്. ഇവിടേക്ക് സമീപത്തുള്ള കുന്നുകളില്‍ നിന്ന് വെള്ളവും ഒഴുകിവരുന്നുണ്ട്. വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതോടെ സമീപപ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബൈപ്പാസിനായി നാലരകിലോമീറ്റര്‍ ദൂരം 45 മീറ്റര്‍ വീതിയില്‍ വയല്‍ഭാഗം മണ്ണിട്ട് നികത്തേണ്ടിവരും. മൂന്നു മീറ്റര്‍ എങ്കിലും ഉയരത്തില്‍ മണ്ണിടേണ്ടതുണ്ട്. 1.30 ലക്ഷം ലോഡ് മണ്ണ് ഇതിനായി വേണ്ടിവരും. ഇതിന് സമീപത്തെ കുന്നുകളെല്ലാം ഇടിക്കേണ്ടിവരും. ബദല്‍ അലൈന്‍മെന്റിനെ പറ്റിയും പരിഷത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്‍ഷിക മേഖലയെ തകര്‍ക്കാതെ ബദല്‍ വഴികള്‍ ആരായണം. ഇതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കണം. നാലു കുടുംബങ്ങള്‍ മാത്രമാണ് റോഡ് വരുന്നതിനെ എതിര്‍ക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പിന്നെ നൂറോളം പേര്‍ അവിടെ സമരം ചെയ്യുന്നതെങ്ങനെയെന്നും മുനീര്‍ ചോദിച്ചു.
റോഡിന് അലൈന്‍മെന്റ് തയാറാക്കാനുള്ള സര്‍വേ നടത്താന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്. ധാര്‍ഷ്ട്യം ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തുന്നതിനോട് യോജിക്കാനാകില്ല. നന്ദിഗ്രാം സംഭവത്തിലുണ്ടായ അനുഭവം ഓര്‍മയില്‍ വേണം. പശ്ചിമബംഗാളില്‍ അതിനുശേഷം തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. കേരളത്തിലും ഇത്തരം രീതികള്‍ ആവര്‍ത്തിച്ചാലുണ്ടാകുന്ന തിരിച്ചടികളെ കുറിച്ച് ഓര്‍മിക്കണം. നന്ദിഗ്രാമില്‍ പോയ ഘട്ടത്തില്‍ ചെങ്കൊടിയുമായി നിന്ന ഗ്രാമീണര്‍ പറഞ്ഞത് ഞങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ എന്നും സി.പി.എമ്മുകാര്‍ വോട്ടിന് വേണ്ടി കമ്മ്യൂണിസ്റ്റുകാരായതെന്നുമാണ്. കീഴാറ്റൂരിലെ സമരക്കാരും ഇതാവര്‍ത്തിക്കുന്നു.
മഹാരാഷ്ട്രയില്‍ കര്‍ഷക സമരത്തിന് വേണ്ടി നിന്നവര്‍ ഇവിടെ കര്‍ഷകരെ അടിച്ചമര്‍ത്തുകയാണ്. പൊലീസ് മര്‍ദനോപാധിയാണെന്ന് പറയുന്ന സി.പി.എമ്മുകാര്‍ അധികാരത്തിലെത്തുമ്പോളും പൊലീസിനെ അതിനായി തന്നെ ഉപയോഗിക്കുന്നു. താന്‍ എക്‌സ്പ്രസ് ഹൈവേ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍, സര്‍വേനടത്താനെത്തിയ ഉദ്യോഗസ്ഥരെ വളഞ്ഞുവെച്ച് ബന്ദിയാക്കി. എന്നിട്ട് ഇപ്പോള്‍ വികസനത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. ഇരട്ടനിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.

chandrika: