വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 150 മരണം. 91 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 48 പേരെ തിരിച്ചറിഞ്ഞു. 191 പേര്‍ ചികിത്സയിലാണ്. ചാലിയാര്‍ പുഴയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അതേസമയം എയര്‍ലിഫ്റ്റിംഗ് ഉടന്‍ തന്നെയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
45 ദുരിതാശ്വാസ കാമ്പുകളിലായി 3069 പേര്‍ കഴിയുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ പേര്‍ പുറപ്പെട്ടു. നാല് സംഘങ്ങളിലായി 150 പേരാണ് ദുരന്തസ്ഥലത്തേക്ക് തിരിച്ചത്. അതിനിടെ ദുരന്തസ്ഥലം കാണാനെത്തുന്നവരുടെ തിരക്ക് ഏറിയതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ച തിരച്ചില്‍ പുനഃരാരംഭിച്ചു.
സൈന്യവും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നിര്‍മിച്ച താല്‍ക്കാലിക പാലം വഴിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 85 അടി നീളമുള്ള പാലത്തിലൂടെ ചെറിയ മണ്ണുമാന്തി യന്ത്രത്തിന് ഉള്‍പ്പെടെ പോകാനാകും. കുടുങ്ങിക്കിടക്കുന്നവരെ ഇക്കരെ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. മഴക്ക് ശമനം വന്നതിനാല്‍ രാവിലെ തന്നെ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വഴിയാണ് ആളുകളെ പുറത്തെത്തിക്കുന്നത്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ 191 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. വയനാട് ദുരന്തത്തിന്റെ ഭാഗമായി 45 ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മുണ്ടക്കൈ ഭാഗത്ത് മാത്രം 50ല്‍ അധികം വീടുകള്‍ തകര്‍ന്നതായാണ് വിവരം.
കിലോമീറ്ററുകള്‍ക്ക് ഇപ്പുറം മലപ്പുറം ജില്ലയിലെ ചാലിയാറില്‍ നിന്ന് നിരവധി മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചാലിയാറില്‍നിന്നും നിലമ്പൂര്‍ പോത്തുകല്‍ മുണ്ടേരി ഭാഗത്തുനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെയും തിരച്ചില്‍ തുടരും. നിലമ്പൂരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലുള്ള 25 ശരീര ഭാഗങ്ങളും ചാലിയാറിലൂടെ ഒഴുകി വന്നിട്ടുണ്ട്. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ട് പൂര്‍ത്തീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായിട്ടുണ്ട്.