X

മുണ്ടക്കൈ ദുരന്തം:’ വയനാടിനെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂ’; കേന്ദ്രത്തോട് ഹൈക്കോടതി

മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രനിലപാടിൽ ഹൈക്കോടതി ഇടപെടൽ. ആ നാടിനെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്രത്തോട് ഹൈക്കോടതി നിർദേശിച്ചു. പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങളോട് നിർദേശിച്ചു. വയനാട്ടിലെ പുനരധിവാസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നത് സമൂഹ താല്‍പര്യത്തിനെതിരാണെന്നും കോടതി നിരീക്ഷിച്ചു.

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയിൽനിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കോടതി കേന്ദ്രത്തിൽ നിന്ന് വിശദീകരണം തേടിയത്. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഒക്ടോബർ 18നകം അറിയിക്കാനും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവർ നിർദേശിച്ചു.

പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വീണ്ടും അധികൃതർക്ക് പുറകെ നടന്ന് കഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ ക്വാറി, മൈനിങ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനു നേരത്തെയുണ്ടായിരുന്ന വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി വീണ്ടും പ്രവർത്തനക്ഷമമാക്കാനും കോടതി നിർദേശിച്ചിരുന്നു.

webdesk13: