X

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി യു.എ.ഇ. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും മരണപ്പെട്ടവരുടെ കുടുംബങ്ങളോടും ബന്ധുക്കളോടും യു.എ.ഇ വിദേശകാര്യ മന്ത്രാലയം അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.
അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണിതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പിന്തുണയും ദുഃഖവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ദുരന്തത്തിൽ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അധികൃതര്‍ ആശംസിച്ചു.
കേരള സംസ്ഥാനത്തിൻ്റെ വടക്ക് ഭാഗത്ത് കനത്ത മഴ പെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്‌സിൻ്റെ കേരള മിഷൻ ഇന്ന് രാവിലെ ഇന്ത്യൻ പൗരന്മാരോട് പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 171 പേരാണ് മരിച്ചത്. 89 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. നിലവില്‍ 191 ആളുകള്‍ മേപ്പാടിയിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 82 പേരെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ നിന്നും 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാണാതായവരുടെ കണക്കുകള്‍ ഇപ്പോഴും വ്യക്തമല്ല. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.
ദുരന്തത്തില്‍ നിന്നും 481 പേരെയാണ് സൈന്യവും എന്‍.ഡി.ആര്‍.എഫും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരിക്കുന്നത്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

webdesk13: