കോഴിക്കോട്: സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെയും മക്കളെയും ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗിന്റെ പിന്തുണയും പ്രാര്‍ഥനയും കുടുംബത്തിനുണ്ടാവുമെന്ന് തങ്ങള്‍ അവരെ അറിയിച്ചു.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശേത്വ ഭട്ടിനെയും മക്കളെയും ഫോണില്‍ ബന്ധപ്പെട്ടു. പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ചു.നീതിക്കു വേണ്ടിയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ കനല്‍ വഴികളില്‍ കാവലായി ഞങ്ങളുണ്ടെന്ന ഉറപ്പ്അവരെ ഏറെ സന്തോഷിപ്പിച്ച പോലെ അവരുടെ നന്ദി വാക്കുകളില്‍ പ്രതിഫലിച്ചു. കേരളത്തിലെ ജനങ്ങളുടെ നിറഞ്ഞ പിന്തുണ മുന്നോട്ട് നീങ്ങാന്‍ പ്രചോദനമാണെന്ന് ശ്വേത ഭട്ട് പറഞ്ഞു.
എനിക്ക് സത്യമുണ്ട്, ശക്തിയില്ല.നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല. നിങ്ങള്‍ നിങ്ങളും ഞാന്‍ ഞാനുമായത് കൊണ്ട് സന്ധിയുടെ പ്രശ്‌നമേയില്ല, പോരാട്ടം തുടങ്ങട്ടെ എന്ന് പറഞ്ഞ സഞ്ജീവ് ഭട്ടിനെക്കാള്‍ വലിയ ജീവിക്കുന്ന പ്രതീകവും പ്രചോദനവും ഫാഷിസത്തിന്റെ ഈ കറുത്ത രാപ്പകലുകളില്‍ നമുക്ക് മറ്റെന്തുണ്ട്? സ്വന്തം ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് ഭൂമിയില്‍ വേര്‍തിരിവുകളുടെ മതില്‍ക്കെട്ടുകള്‍ തീര്‍ക്കുന്ന എന്തിനോടും നിരന്തരം കലഹിക്കാന്‍ ആ അര്‍ദ്ധനഗ്‌നനായ ഫക്കീറിനെ സജ്ജനാക്കിയതെന്തോ അത് മതേതരത്വത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും തിരിച്ചറിയേണ്ട സമയമാണിത്.
മതേതരത്വവും രാജ്യസ്‌നേഹവും അധികാരത്തിലേക്കുള്ള കുറുക്ക് വഴികളല്ലാത്ത ഓരോ ഭാരതീയനും സഞ്ജീവ് ഭട്ടിനും ശ്വേതഭട്ടിനുമൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്. നാം അവര്‍ക്കൊപ്പമായിരിക്കണം. ശ്രീകുമാറിനും ടീസ്റ്റ സെത്തില്‍ വാദിനും ഇഹ്‌സാന്‍ ജാഫ്രിക്കും ഹരേന്‍ പാണ്ഡ്യക്കും അതുപോലുള്ള അനേകര്‍ക്കുമൊപ്പം. ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വസിദ്ധാന്തങ്ങളെയും ഹൃദയത്തിലേറ്റിയ മനുഷ്യസ്‌നേഹികളുടെ ഐക്യദാര്‍ഢ്യത്തിനൊപ്പം പങ്ക് ചേരുന്നു..