ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യത്വത്തിന് വില നല്‍കി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രമാക്കി എഐകെഎംസിസി ബംഗ്ലൂരു നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ബംഗ്ലൂരുവിലെത്തുന്ന രോഗികള്‍ക്ക് ഏറ്റവും വലിയ ഒരാശ്വാസ കേന്ദ്രമായി എസ്.ടി.സി.എച്ച് മാറിയതില്‍ ബംഗ്ലൂരുവിലെ മലയാളി സമൂഹത്തിനാകെ അഭിമാനമാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെ ഏറ്റവും വലിയ അടയാളപ്പെടുത്തലായി കുറഞ്ഞ കാലം കൊണ്ടു തന്നെ ഇതു മാറി. എഐകെഎംസിസി ബംഗ്ലൂരു കമ്മിറ്റി നടത്തുന്ന ദശദിന മംഗല്യ മേളയുടെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ടി.സി.എച്ച് ജനറല്‍ സെക്രട്ടരി എം. കെ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സൗമ്യ റെഡ്ഡി എം.എല്‍.എ മുഖ്യാതിഥിയായി. ഡോ. പി.സി ജാഫര്‍ ഐ.എ.എസ്, മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജു, കെ.കെ.ടി.എഫ് ജനറല്‍ കണ്‍വീനര്‍ മുരളീധര്‍, എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ചെര്‍ക്കള, മുഹമ്മദലി തിരുവള്ളൂര്‍, മുന ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൗലാനാ മുജീബ് ഖാന്‍ ഖാസിമി നികാഹിന് കാര്‍മ്മികത്വം വഹിച്ചു. കോറമംഗല, ബനശങ്കരി, യശ്വന്തപുര ഏരിയാ കമ്മിറ്റികളാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചത്. കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പത്തു ജോഡി ദമ്പതികളാണ് ഇന്ന് വിവാഹിതരായത്.എസ്.ടി.സി.എച്ച് ട്രഷര്‍ യി.ഉസ്മാന്‍ സ്വാഗതവും സെക്രട്ടറി ഡോ.എം.എ അമീറലി നന്ദിയും പറഞ്ഞു.