മതസൗഹാര്‍ദ്ദത്തിന്റെ തെളിഞ്ഞ വഴിയില്‍ മാതൃകയായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന് മകന്‍ മുനവറലി തങ്ങളും. കഴിഞ്ഞദിവസം കുന്നംകുളത്ത് ആര്‍ത്താറ്റുണ്ടായ ചുഴലിക്കാറ്റില്‍ ക്രിസ്ത്രീയ ദേവാലയങ്ങള്‍ തകര്‍ന്നതുകാണാനും വിശ്വാസികളെ ആശ്വസിപ്പിക്കാനും മുനവറലി ശിഹാബ് തങ്ങള്‍ എത്തിയപ്പോള്‍ അതൊരു പൈതൃകമായ ചരിത്രത്തിന്റെ പിന്‍തുടര്‍ച്ചയാവുകയായിരുന്നു. പള്ളി ഭാരവാഹികളെ സന്ദര്‍ശിച്ച മുനവറലി തങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ദുരന്തം നടന്ന പള്ളികളും ഓര്‍ഫനേജും തങ്ങള്‍ നടന്നുകണ്ടു.
ഓര്‍ഫനേജിലെ അന്തേവാസികളെ അദ്ദേഹം സമാശ്വസിപ്പിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേവാലയങ്ങള്‍ പുതുക്കി പണിയാന്‍ ആവശ്യമുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും പ്രകൃതിദുരന്തമായി കണ്ട് അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്നും മുനവറലി തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിന്റെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
മണ്‍മറഞ്ഞുപോയ പിതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നന്മകളും സഹോദര സമുദായങ്ങളോടുണ്ടായ കാരുണ്യവായ്പും പിന്തുടര്‍ന്നെത്തിയ മുനവറലിശിഹാബ് തങ്ങളുടെ സന്ദര്‍ശനം വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായി.
ഫാ. ലുവിസ് എടക്കളത്തൂര്‍, വികാരി ഫാ. ഗീവര്‍ഗീസ്, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി.കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് അംഗം ജയശങ്കര്‍, കരീം പന്നിത്തടം, ലബീബ് ഹസ്സന്‍, വി.സി. അഷ്‌റഫ്, ബിജോയ് ബാബു, പി.പി. സെയ്തുമുഹമ്മദ്, ഇ.എം. കുഞ്ഞിമോന്‍ തുടങ്ങിയവര്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നു.