X
    Categories: Culture

മുനവ്വറലി തങ്ങള്‍ ഇടപെട്ടു; ഈശ്വോയുടെ മൃതദേഹം നാട്ടിലെത്തി

ജോണ്‍സണ്‍ വെള്ളിമറ്റത്തില്‍ ഈശ്വോ

മലപ്പുറം: ഈശ്വരാനുഗ്രഹം പെയ്തിറങ്ങിയ ദിനമായിരുന്നു ഇന്നലെ ഈശ്വോയുടെ കുടുംബത്തിന്. പതിനെട്ട് ദിവസം മുമ്പ് റിയാദില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍സണ്‍ വെള്ളിമറ്റത്തില്‍ ഈശ്വോ എന്നയാളുടെ മൃതശരീരം സാങ്കേതികതയുടെ കുരുക്കില്‍ പെട്ട് റിയാദിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലായിരുന്നു.

അരിസ്‌കോ കമ്പനിയില്‍ കാറ്ററിംഗ് ജീവനക്കാരനായ ജോണ്‍സണ്‍ കഴിഞ്ഞ ഡിസംബര്‍ 16-നാണ് ജോലിക്കിടയില്‍ തിളച്ച എണ്ണയില്‍ വീണ് വന്‍ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി കമ്പനി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാരമായ പൊള്ളലേറ്റതിനാല്‍ ഒന്നര മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ വഴങ്ങാത്തതിനാല്‍ കാര്യങ്ങള്‍ വഷളായി. അതിനിടയിലാണ് ജോണ്‍സന്റെ കുടുംബത്തില്‍ പെട്ട തൊടുപുഴക്കാരനായ രാജേഷ്, മരിച്ച ജോണ്‍സന്റെ മകന്‍ വില്‍സന്‍ ജൈന്റ്, ഭാര്യ മേരി എന്നിവരേയും കൂട്ടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയില്‍ എത്തുന്നത്. സുഹൃത്തുക്കളില്‍ നിന്നുള്ള കേട്ടറിവിനെ തുടര്‍ന്ന് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ ഇവര്‍ തങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഉടന്‍ തന്നെ തങ്ങള്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

റിയാദ് കെ.എം.സി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി.പി. മുസ്ഥഫയുമായി ബന്ധപ്പെട്ട് തങ്ങള്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. മലപ്പുറം ജില്ലാ കെ.എം.സി.സി. വെല്‍ഫെയര്‍ വിങ് ഭാരവാഹികളായ സിദ്ദീഖ് തുവ്വൂര്‍ , റഫീഖ് മഞ്ചേരി, ഇസ്മാഈല്‍ പടിക്കല്‍,ഫാറൂഖ് മുന്നിയൂര്‍ എന്നിവര്‍ മൃതദേഹം നാട്ടിലയക്കാനുള്ള ചെലവുകള്‍ വഹിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഇടപെട്ടു.

ബോഡി എംബാം ചെയ്യാന്‍ 6000 റിയാലും കയറ്റി അയക്കാന്‍ 4000 റിയാലും കമ്പനി ഏറ്റെടുക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ ചികിത്സാ ചെലവുകള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. ജോലിക്കിടെ അപകടം സംഭവിച്ച് മരണപ്പെട്ടതിനാല്‍ ഗോസിയില്‍ നിന്നുള്ള നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനും കമ്പനി അധികൃതര്‍ക്ക് വേണ്ട നിയമ സഹായം കെഎംസിസി നല്‍കുന്നുണ്ട്.
നേരത്തെ മസ്‌ക്കറ്റില്‍ ജോലി ചെയതിരുന്ന ജോണ്‍സണ്‍ റിയാദിലെത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ.

രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം കണ്ണീരും കുടിച്ച് മൂന്നാഴ്ച നീണ്ട കാത്തിരിപ്പിന് വിരാമമായി, വ്യാഴാച പുലര്‍ച്ചെ 3.30 നാണ് മൃതശരീരം നെടുമ്പാശ്ശേരിയില്‍ എത്തിയത്.കുടുംബങ്ങളും സുഹൃത്തുക്കളുമായി നിരവധി പേരാണ് മൃതശരീരം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടില്‍ എത്തിയത്. മൃതദേഹം ശനിയാഴ്ച കോട്ടയത്തും തിരുവല്ലയിലും പൊതു ദര്‍ശനത്തിന് വെക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് സി.എസ്.ഐ ചര്‍ച്ചില്‍ അടക്കം ചെയ്യും.

chandrika: