മലപ്പുറം: എല്ലാവര്‍ക്കും ക്രസ്തുമസ് ആശംസകള്‍ നേര്‍ന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം വേങ്ങര കാരത്തോട് ഫാത്തിമ മാതാ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട് അച്ഛനെയും പള്ളി ഭാരവാഹികളേയും മക്കളോടൊപ്പം ചെന്ന് കണ്ട് അദ്ദേഹം ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
മലപ്പുറം വേങ്ങര കാരത്തോട് ഫാത്തിമ മാതാ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട് അച്ഛനെയും പള്ളി ഭാരവാഹികളേയും മക്കളോടൊപ്പം ചെന്ന് കണ്ട് ക്രിസ്തുമസ് ആശംസിച്ചു.
എന്റെ എല്ലാ സഹോദരീ സഹോദരമാര്‍ക്കും ക്രിസ്തുമസ് സ്‌നേഹാശംസകള്‍ നേരുന്നു !!
പരസ്പര ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചരിത്ര ചിത്രങ്ങളാണ് കേരളത്തിലെ മുസ്ലിം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് പങ്കു വെയ്ക്കാനുള്ളത് . പൊതുവെ വിശ്വസിക്കപ്പെടുന്നത് പ്രകാരം എ. ഡി 52 ല്‍ സെന്റ് തോമസ് വന്നിറങ്ങിയത് കൊടുങ്ങല്ലൂര്‍ എന്നറിയപ്പെടുന്ന പഴയ മുസ്സിരിസില്‍ ആയിരുന്നു . നൂറ്റാണ്ടുകള്‍ക്ക് ശേഷം അതേ കൊടുങ്ങല്ലൂരില്‍ തന്നെയാണ് മാലിക് ബ്‌നു ദീനാര്‍ (റ) ഉം സംഘവും ഇസ്‌ലാം മതത്തിന്റെ സന്ദേശവുമായി മലയാളക്കരയില്‍ വന്നിറങ്ങിയത് . കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ ദേവാലയവും സ്ഥാപിക്കപ്പെട്ടത് അതേ കൊടുങ്ങല്ലൂരില്‍ തന്നെ .
അവിടുന്ന് തുടങ്ങുന്നു ഇരു സമുദായങ്ങളുടെ സ്‌നേഹ ബന്ധങ്ങളുടെ ചരിത്രം . ഈ രണ്ടു ചരിത്ര സന്ദര്ഭങ്ങളിലും കേരളത്തിലെ ഹൈന്ദവ രാജ വംശങ്ങളുടെ ആശിര്‍വാദമുണ്ടായിരുന്നു എന്നത് മറ്റൊരു സവിശേഷത . പല വഴികളിലൂടെ ഒഴുകി വന്ന അരുവികള്‍ ഒരു പുഴയായി മാറുന്നത് പോലെ സമാധാന പ്രിയരായ കേരളീയ പൊതു സമാജം സഹ്യനിപ്പുറം രൂപപ്പെട്ടത് അങ്ങനെയാണ് .
വര്‍ഗ്ഗീയ ചിന്തകള്‍ക്കും ഭിന്നതകള്‍ക്കും ഇടം കൊടുക്കാതെ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നാം ഒരുമിച്ചു നിന്നു . നാടിനു വേണ്ടി ജനാധിപത്യത്തില്‍ പരസ്പരം സഹകരിച്ചു . നാട്ടില്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും മാറ്റങ്ങളുണ്ടാക്കി . പരസ്പരം കലഹിക്കാതെ പള്ളികളും പള്ളിക്കൂടങ്ങളും നിര്‍മ്മിച്ചു . പുതു തലമുറ പട്ടിണിയുടെ ഇന്നലെകളെ പുറകിലേക്ക് തള്ളി മാറ്റി ജോലി തേടി പല നാടുകളിലേക്കും പോയി . അര മുറുക്കിയെടുത്തും തങ്ങളുടെ മക്കളെ പഠിപ്പിച്ച ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ആതുര രംഗത്തേക്ക് ഒരുപാട് നഴ്‌സുമാര്‍ ഉണ്ടായി . അവര്‍ പുതു ജീവിതം തേടി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുറച്ചു പേര്‍ മിഡില്‍ ഈസ്റ്റിലേക്കും കുടിയേറി . സിലോണിലേക്കും ബര്‍മ്മയിലേക്കും ഇറാനിലേക്കും ശേഷം ഗള്‍ഫിലേക്കും പ്രവാസം തേടി പോയ കേരളത്തിലെ മുസ്ലിം സമുദായം അവരുടെ മക്കള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി ഗള്‍ഫില്‍ മെച്ചപ്പെട്ട സാധ്യതകള്‍ തേടി . ഇരു സമുദായങ്ങളുടെ പുതു തലമുറകള്‍ അതാത് സമൂഹങ്ങളെ മാത്രമല്ല , അവരുടെ ജന്മ നാടിനെയും സമ്പന്നമാക്കി . അതിന്റെ അലയൊലികള്‍ സാമൂഹിക രംഗത്ത് ഏറെ പ്രകടമാണ് .
ഈ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കേരളത്തിലെ സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തിനു വലിയ പങ്കുണ്ട് . പരസ്പരം പോരാടിച്ചല്ല മറിച്ച് സ്‌നേഹിച്ചും ആശ്ലേഷിച്ചും ആരോഗ്യ പരമായി മത്സരിച്ചുമാണ് ഒരു സമൂഹമെന്ന നിലക്ക് നാം മലയാളികള്‍ ഇതുവരെയും എത്തിയത് .
ഭാവിയിലും ഈ സ്‌നേഹ ബന്ധം തന്നെയായിരിക്കണം നമ്മുടെ കൈമുതല്‍ . അതിനിടയിലേക്ക് കുപ്രചരണങ്ങളുമായി ഇറങ്ങി വന്ന് സമുദായ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ചില താത്പ്പരകക്ഷികള്‍ ശ്രമിക്കുന്ന കാലം കൂടിയാണിത് . അത് നാം തിരിച്ചറിയണം . നാടിനു വേണ്ടി, നമുക്ക് വേണ്ടി നാം ഇനിയും ഒരുമിച്ച് നില്‍ക്കണം . മനസ്സ് തുറന്ന് ഹൃദയം കൊണ്ട് സംസാരിക്കണം . തെറ്റിധാരണകളോ ഭയാ ശങ്കകളോ വല്ലതുമുണ്ടെങ്കില്‍ തിരുത്തി പരസ്പര വിശ്വാസം വീണ്ടെടുക്കണം . ആവശ്യമെങ്കില്‍ ഈ കലുഷിത കാലത്തും സ്‌നേഹത്തിന്റെ അദ്ധ്യായം എഴുതാന്‍ ഇരു സമുദായ നേതൃത്വങ്ങളും പരസ്പരം ഇരിക്കണം .
നമ്മെ അകറ്റുവാനുള്ള ഛിദ്ര ശ്രമങ്ങള്‍ ശക്തമായിരിക്കാം;എന്നാല്‍ അകലാതിരിക്കാനുള്ള നമ്മുടെ താല്പര്യം അതിലുമേറെ ശക്തമാണ്.
നവ മാധ്യമങ്ങളും മറ്റു സംവിധാനങ്ങളും വെറുപ്പ് പടര്‍ത്താന്‍ വേണ്ടി വര്‍ഗ്ഗീയ ശക്തികള്‍ ഉപയോഗിക്കുന്ന ഈ കാലത്ത് പ്രിയപ്പെട്ട ക്രിസ്ത്യന്‍ സഹോദരങ്ങളുടെ നേര്‍ക്ക് സ്‌നേഹത്തിന്റെ ഒരു കൈ നീട്ടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ..
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.