X

മുന്‍ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളല്ലാതെ ഈ സര്‍ക്കാറിന് അവകാശപ്പെടാനായി ഒന്നുമില്ല: മുനവ്വറലി തങ്ങള്‍

പാല: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം ലഭിച്ചു കഴിഞ്ഞ ഈ സാഹചര്യത്തില്‍ യു.ഡി.എഫ് ശതമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സമ്പൂര്‍ണ പരാജയമാണ്. കാര്‍ഷിക മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജുകളോ പദ്ധതികളോ ആവിഷ്‌കരിക്കുന്നില്ല. രാജ്യം ഇന്ന് വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലുകളുടെ വേദിയായി ഇരു സര്‍ക്കാറുകളുടെയും ഭരണം മാറിയിരിക്കുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ഭരണ നേട്ടങ്ങളല്ലാതെ ഈ സര്‍ക്കാറിനായി അവകാശപ്പെടാനായി ഒന്നുമില്ല. വകുപ്പുകള്‍ക്കിടയിലെ ഏകോപനമില്ലായ്മ കാരണം അടിസ്ഥാന സൗകര്യങ്ങള്‍ പോലും വികസിപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഉദ്യോഗസ്ഥ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.

പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു

രണ്ട് മഹാപ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടും ഇരകള്‍ക്ക് അര്‍ഹമായ പരിഗണന പോലും നല്‍കിയില്ല. സഹായം വിതരണം പോലും എങ്ങുമെത്തിയില്ല.കാശ്മീരിലും അസമിലും കാണുന്ന കാഴ്ചകള്‍ നമ്മെ ഏറെ ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവാക്കളെ അതിന്റെ ഭാഗമാക്കി മാറ്റണം.

കെ.എം.മാണിയില്ലാത്ത പാലായിലെ ആദ്യ തെരെഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ച് കഴിഞ്ഞിരിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ മാണിയെ പോലെ തലയെടുപ്പുള്ള ഒരു നേതാവ് ചുക്കാന്‍ പിടിച്ച ഈ മണ്ഡലം യു.ഡി.എഫിന്റെ ശക്തി ദുര്‍ഗ്ഗമായി തന്നെ തുടരും. കഴിഞ്ഞ ലോക് സഭാ തെരെഞ്ഞെടുപ്പിലുണ്ടായ ജനവിധിയുടെ ആവര്‍ത്തനം തന്നെയാണ് പാലായെ കാത്തിരിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.

പാലായിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.സ്ഥാനാര്‍ത്ഥി ജോസ് ടോം, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ലീഗ് ജില്ലാ സെക്രട്ടറി സി.പി. ബാസിത്, ഫിലിപ്പ് കുയികുളം, കെ.പി. മറിയുമ്മ, അസീസ് കുമാരനല്ലൂര്‍, കെ.എ. മാഹിന്‍, സാജന്‍ തൊടുകയില്‍,ഫിലിപ്പ് കുഴികുളം, അനസ് കണ്ടത്തില്‍, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Test User: