X

‘മഞ്ചേരി മെഡിക്കല്‍ കോളജിന് ജീവന്റെ വിലയുണ്ട്’: നിയമസഭയില്‍ വികാരഭരിതനായി എം. ഉമ്മര്‍

തിരുവന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജ് തന്റെ ജീവനേക്കാള്‍ പ്രധാനമെന്ന് എം. ഉമ്മര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവെയാണ് അദ്ദേഹം വികാരഭരിതനായത്. ‘തനിക്ക് ജീവനേക്കാള്‍ വലുതാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ഈ മെഡിക്കല്‍ കോളജുണ്ടായിരുന്നെങ്കില്‍ തന്റെ മാതാവ് ചികിത്സ ലഭിക്കാതെ മരണപ്പെടില്ലായിരുന്നു.

40 ലക്ഷം ജനസംഖ്യയുള്ളതും ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കമായതുമായ ഒരു ജില്ലയുടെ ആശയാണ് ആ കോളജ്. ഇപ്പോള്‍ വിദ്യാഭ്യാസപരമായി അവിടുത്തെ കുട്ടികള്‍ മുന്നോട്ടുവരുന്നതിന് പിന്നില്‍ ഇതും ഒരുകാരണമാണ്. ഭിക്ഷക്കാരന് ഒരു നാണയത്തുട്ടുകള്‍ ലഭിച്ചാല്‍ സന്തുഷ്ടരാകുന്നതുപോലെയാണ് ഒന്നുമില്ലായിരുന്നിടത്ത് എന്തെങ്കിലും ലഭിക്കുമ്പോള്‍ കുട്ടികള്‍ സന്തുഷ്ടരാകുന്നതും’ -ഉമ്മര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ എട്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ നാലുദിവസമായി നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് എം. ഉമ്മര്‍ ആവശ്യപ്പെട്ടു.
അഞ്ചു ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് സമരത്തിലുള്ളത്. ഇതില്‍ നാലുപേരുടെ നില വഷളായിരിക്കുകയാണ്. എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. പാവപ്പെട്ടവരില്‍ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് മെഡിക്കല്‍ കോളജിനായി അഞ്ചുനില കെട്ടിടം നിര്‍മിച്ചത്. അവിടെ കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍ ബസ് വാങ്ങാന്‍ താന്‍ 17 ലക്ഷം രൂപ നല്‍കി. ക്ലാസ് മുറികളില്‍ എ.സിയില്ലാത്തതിനാല്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് പണം നല്‍കാമെന്ന് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളജുകളെ തകര്‍ത്തതുപോലെ മഞ്ചേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കരുത്. ഇവിടെ നിന്ന് സ്റ്റെതസ്‌കോപ്പും ധരിച്ച് കുട്ടികള്‍ പുറത്തുവരുന്ന കാഴ്ച കണ്‍കുളിര്‍ക്കെ കാണാനാണ് താന്‍ ഉള്‍പ്പെടെ മഞ്ചേരിക്കാര്‍ കാത്തിരിക്കുന്നതെന്നും ഉമ്മര്‍ പറഞ്ഞു.
400 കുട്ടികളില്‍ 75ല്‍ താഴെ പേരാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ളത്. അന്‍പതും അറുപതും വര്‍ഷം പാരമ്പര്യമുള്ള 25 മെഡിക്കല്‍ കോളജുകളെ പിന്നിലാക്കി എം.ബി.ബി.എസ് ആദ്യ ബാച്ചിന് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് ഈ നാട്ടിലെ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ്. ഓട്ടോ ഓടിക്കുന്നവന്റെയും അന്യന്റെ പാത്രം കഴുകി പണം കണ്ടെത്തുന്ന അമ്മമാരുടെയും ചുമട്ടുകാരന്റെയും മക്കളാണ് ഈ കോളജില്‍ പഠിക്കുന്നത്. സര്‍ജറി വിഭാഗത്തില്‍ മാത്രം 26 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ആകെയുള്ള ഏഴുപേരാണ്. ഇതില്‍ തന്നെ നാലുപേര്‍ ജൂനിയര്‍ ഡോക്ടര്‍മാരാണ്. ബാക്കിയുള്ളത് താല്‍ക്കാലിക നിയമനം ലഭിച്ചവരാണ്. ഹോസ്റ്റല്‍, റസിഡന്റ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടനിര്‍മാണത്തിനായി 75 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ട് ആറുമാസമായിട്ടും ഇതുവരെ ടെണ്ടര്‍ നടപടിപോലും ആരംഭിച്ചിട്ടില്ല. സ്വാശ്രയകോളജുകള്‍ക്ക് ഫീസ് കൂട്ടിക്കൊടുക്കുക മാത്രമല്ല സര്‍ക്കാറിന്റെ ചുമതല. പണക്കാര്‍ മാത്രം പഠിച്ചാല്‍ മതിയോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളജും എല്ലാ സൗകര്യങ്ങളും ഒരുക്കിയല്ല ആരംഭിച്ചിട്ടുള്ളത്. എല്ലാം ഘട്ടംഘട്ടമായി വികസിപ്പിച്ചതാണ്. ഇവിടെ ഇടുക്കി മെഡിക്കല്‍ കോളജ് പൂട്ടി. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജ് പിറക്കുംമുന്‍പേ ഗര്‍ഭച്ഛിദ്രം നടത്തി. സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയാണ് പ്രകടമാകുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാതെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആരംഭിച്ചതെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വേദനാജനകമാണ്. യഥാര്‍ത്ഥത്തില്‍ 33വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍കോളജ് ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്ക് മുന്തിയ ചികിത്സ, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോടെ പാസായാല്‍ പഠിക്കാനുള്ള സൗകര്യം എന്നിവയാണ് ഇതുവഴി ലഭിച്ചത്. ഒരു മുന്നണിക്കും സാധിക്കാതെ പോയ കാര്യമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇച്ഛാശക്തികൊണ്ട് സാധിച്ചെടുത്തതെന്നും ഉമ്മര്‍ പറഞ്ഞു.

chandrika: