മുൻഭാര്യയ്ക്ക് ജീവനാംശത്തിനൊപ്പം അവരുടെ വളർത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി നൽകണമെന്ന് ബാന്ദ്ര മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ബന്ധം വേർപിരിഞ്ഞതിന് ശേഷം ഉണ്ടാകുന്ന വൈകാരിക ബുദ്ധിമുട്ടുകൾ മറികടന്ന് ആരോഗ്യകരമായ ജീവിതം നയിക്കാൻ അവർക്ക് നായ്ക്കളെ പരിപാലിക്കേണ്ടതുണ്ടെന്നും അതിന് അവയുടെ ചെലവ് കൂടി നൽകണമെന്നും കോടതി നിരീക്ഷിച്ചു.
വളർത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക ഈടാക്കരുതെന്നാവശ്യപ്പെട്ട് വേർപിരിഞ്ഞ് താമസിക്കുന്ന ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. തനിക്ക് മറ്റു വരുമാന മാർഗങ്ങളില്ലെന്നും അസുഖ ബാധിതയാണെന്നും ഒപ്പം മൂന്ന് റോട്ട്‌വീലർ നായ്ക്കളുണ്ടെന്നും മുൻ ഭാര്യ കോടതിയിൽ പറഞ്ഞു.ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നൽകണമെന്ന് ഭർത്താവിനോട് കോടതി നിർദേശിച്ചു.