ഹൈദരാബാദ്: ടെന്‍ഷന്‍… ടെന്‍ഷന്‍… ടെന്‍ഷന്‍…. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഐ.പി.എല്‍ ഫൈനല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒരു റണ്ണിന്റെ അതിനാടകീയ വിജയം. വിജയിക്കാന്‍ 130 റണ്‍സ് മാത്രം ആവശ്യമായിരുന്ന പൂനെ എളുപ്പത്തില്‍ കിരീടത്തിലേക്ക് നീങ്ങവെ മുംബൈ നടത്തിയ രാജകീയ തിരിച്ചുവരവില്‍ അവസാന പന്താണ് വിജയമുറപ്പിച്ചത്. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ അവസാന പന്തില്‍ ജയിക്കാന്‍ പൂനെക്കാവശ്യം നാല് റണ്‍സായിരുന്നു. മൂന്ന് റണ്‍സ് നേടിയാല്‍ മല്‍സരം ടൈ. പക്ഷേ മൂന്നാം റണ്ണിനായുള്ള ശ്രമത്തില്‍ പൂനെ റണ്ണൗട്ടായപ്പോള്‍ നാടകീയതക്ക് അവസാനം. 51 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്ന സ്റ്റീവന്‍ സ്മിത്ത് മൂന്നാം പന്തില്‍ പുറത്തായതാണ് പൂനെക്ക് ആഘാതമായത്. അതിന് തൊട്ട് മുമ്പുളള പന്തില്‍ മനോജ് തിവാരിയെയും ടീമിന് നഷ്ടമായിരുന്നു. ഡാന്‍ കൃസ്റ്റ്യനും വാഷിംഗ്ടണ്‍ സുന്ധറുമായിരുന്നു പിന്നെ ക്രീസില്‍. മിച്ചല്‍ ജോണ്‍സന്റെ അഞ്ചാം പന്ത് കൃസ്റ്റിയന്‍ ബൗണ്ടറി കടത്തിയപ്പോള്‍ അവസാന പന്തില്‍ നാല് റണ്‍സ് ലക്ഷ്യം. ഈ പന്തിലാണ് സുന്ദര്‍ റണ്ണൗട്ടായത്. ടോസ് മുംബ ഇന്ത്യന്‍സിനായിരുന്നു. പിച്ചിന്റെ മന്ദഗതി രണ്ടാമത് ബാറ്റിംഗ് ദുഷ്‌ക്കരമാക്കുമെന്ന് കരുതി രോഹിത് ശര്‍മ ബാറ്റിംഗിന് തീരുമാനിക്കുകയായിരുന്നു. പക്ഷേ അദ്ദേഹവും മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധനയും ഗ്യാലറിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അന്ധാളിച്ച തുടക്കമായിരുന്നു ടീമിന്റേത്. ഐ.പി.എല്‍ പത്താം പതിപ്പിന്റെ ബൗളര്‍ എന്ന വിശേഷണം ഇതിനകം സ്വന്തമാക്കിയ ഗുജറാത്തുകാരന്‍ സീമര്‍ ജയദേവ് ഉന്‍ദക്തിന്റെ സുന്ദര സൂപ്പര്‍ ബൗളിംഗില്‍ മുന്‍നിര തരിപ്പണമാവുന്ന കാഴ്ച്ച. ആദ്യ ഓവറില്‍ തന്നെ പാര്‍ത്ഥീവ് പട്ടേലിനെയും ഫില്‍ സിമണ്‍സിനെയും വരിഞ്ഞ് മുറുക്കിയ ജയദേവ് തന്റെ രണ്ടാം ഓവറില്‍ രണ്ട് പേരെയും പുറത്താക്കി. പന്തിന്റെ വേഗം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ത്ഥീവ് പട്ടേല്‍ ഉയര്‍ത്തയടിക്കാനാണ് ശ്രമിച്ചത്. പക്ഷേ ശ്രാദുല്‍ ഠാക്കുറിന്റെ കരങ്ങളിലേക്ക് അനായാസമായ ക്യാച്ച്. രണ്ട് പന്ത് കഴിഞ്ഞ് തന്റെ നാലാം പന്തില്‍ അദ്ദേഹമെടുത്ത റിട്ടേണ്‍ ക്യാച്ചായിരുന്നു ഫൈനലിലെ സമ്മോഹന മുഹൂര്‍ത്തം. ഫില്‍ സിമണ്‍സിനെ വേഗതയില്‍ പരിഭ്രാന്തനാക്കിയ ബൗളര്‍- ബാറ്റില്‍ തട്ടി അധികം ഉയരാതിരുന്ന പന്തിനായി ഡൈവ് ചെയ്തതായിരുന്നില്ല ശ്രദ്ധേയം-ഒരു കൈയ്യില്‍ പന്തുമായി മലക്കം മറിഞ്ഞിട്ടും പന്തിനെ കൈവിടാതിരുന്നതായിരുന്നു.
രണ്ട് വിക്കറ്റിന് എട്ട് റണ്‍സ് എന്ന നിലയില്‍ ടീം തരിപ്പണമായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നായകന്റെ ഉത്തരവാദിത്വവുമായി ക്രീസില്‍ വന്ന രോഹിത് ആത്മവിശ്വാസത്തിലും പരിഭ്രാന്തി പ്രകടിപ്പിച്ചു. നല്ല നാല് ബൗണ്ടറികള്‍ക്ക് ശേഷം അനവസരത്തിലുള്ള ഷോട്ടില്‍ അദ്ദേഹം ആദം സാംബക്ക് വിക്കറ്റ് നല്‍കുമ്പോള്‍ അവിടെ നഷ്ടമായത് മുംബൈയുടെ ഊര്‍ജ്ജമായിരുന്നു. റായിഡുവിന്റെ റണ്ണൗട്ട് കാര്യങ്ങള്‍ ഗുരുതരമാക്കി. കുനാല്‍ പാണ്ഡെ പ്രകടിപ്പിച്ച ആക്രമണവീര്യം മാത്രമാണ് ടീം ടോട്ടല്‍ 100 കടത്തിയത്. ചാമ്പ്യന്‍ഷിപ്പിലുടനീളം നിരാശപ്പെടുത്തിയ കരണ്‍ പൊലാര്‍ഡ് (7), ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പെട്ടെന്ന് മടങ്ങിയിട്ടും കുനാല്‍ നടത്തിയ ചെറുത്തുനില്‍പ്പിന് സാക്ഷിയായി മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമുണ്ടായിരുന്നു. 129 റണ്‍സ് എന്ന മുംബൈ സ്‌ക്കോര്‍ ഫൈനലിന് യോജിച്ചതായിരുന്നില്ല. പക്ഷേ പ്രതീക്ഷ കൈവിടാതെ അവര്‍ കളിച്ചു. ഫീല്‍ഡിംഗ് പാളിച്ചകളുണ്ടായിട്ടും ടീം പ്രതീക്ഷ കാത്തു. അജിങ്ക്യ രഹാനെ 44 ല്‍ പുറത്തായി. ഫൈനലുകളിലെ താരമായി മഹേന്ദ്ര സിംഗ് ധോണിക്ക് പത്ത് റണ്‍സ് നേടാനാണ് കഴിഞ്ഞത്. അപ്പോഴും സ്റ്റീവന്‍ സ്മിത്ത് ക്രീസിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുറത്താവലാണ് ടീമിന് തിരിച്ചടിയായത്.
- 7 years ago
chandrika
Categories:
Views