മുംബൈ: 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രണത്തിനു പിന്നില്‍ പാക് ആസ്ഥാനമായ ഭീകരസംഘടനയാണെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹ്്മൂദ് അലി ദുര്‍റാനി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാകിസ്താന്‍ ഗവണ്‍മെന്റിന് ആക്രമണത്തില്‍ ഒരു ഉത്തരവാദിത്വവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസ് സംഘടിപ്പിച്ച ഭീകരതയെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു ദുര്‍റാനി. മുംബൈ ആക്രമണം നടക്കുന്ന വേളയില്‍ അയല്‍രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. വിഖ്യാതമായ താജ് ഹോട്ടല്‍ അടക്കം മുംബൈയിലെ എട്ടിടങ്ങളിലാണ് പാക് ഭീകരസംഘടനായ ലഷ്‌കറെ ത്വയ്ബ ഭീകരാക്രമണം നടത്തിയത്.
കടല്‍വഴി നഗരത്തിലെത്തിയ പത്തംഗ സംഘമായിരുന്നു ആക്രമണത്തിനു പിന്നില്‍. മൂന്നു ദിവസം എടുത്താണ് ഛത്രപതി ശിവജി ടെര്‍മില്‍, ഒബ്‌റോയ് ട്രിഡന്‍ഡ് ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ് എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണം ഇന്ത്യന്‍ സുരക്ഷാ സേന ഇല്ലാതാക്കിയത്.
ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 18 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഭവവുമായി ബന്ധപ്പെട്ട് അജ്മല്‍ അമീര്‍ കസബ് എന്ന ഒരാളെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. ഇദ്ദേഹത്തെ 2012 നവംബറില്‍ തൂക്കിലേറ്റി.
സംഭവത്തില്‍ പാക് തീവ്രവാദി സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തെ ശക്തിപ്പെടുത്തുന്നതാണ് ദുര്‍റാനിയുടെ വെളിപ്പെടുത്തല്‍. പാകിസ്താന്‍ നിരന്തരം ഇന്ത്യയുടെ വാദം നിരാകരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇദ്ദേഹം പാക് പങ്ക് എടുത്തു പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അറസ്റ്റു ചെയ്ത ലഷ്‌കര്‍ കമാന്‍ഡര്‍ സകിയ്യുര്‍റഹ്്മാന്‍ ലഖ്്‌വി ഒരു വര്‍ഷം മുമ്പ് ജാമ്യം നേടി ഒളിച്ചു കഴിയുകയാണ്.