മുംബൈ: മുംബൈ റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റെയില്‍വെ അധികൃതര്‍ക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ പ്രതിഷേധം ആളിക്കത്തുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച റെയില്‍വെ മേല്‍പ്പാലം മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഗൗരവമായി കാണാത്തതില്‍ പ്രതിഷേധിച്ച് മുംബൈ നിവാസികളാണ് രംഗത്തുവന്നത്. ട്വീറ്റുകളും കമന്റുകളുമായി റെയില്‍വെക്കെതിരെയും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അഴിച്ചുവിടുന്നത്. അപകടമുണ്ടാകുന്നതിന് ഏറെ മുമ്പു തന്നെ മേല്‍പ്പാലത്തിന്റെ പ്രശ്‌നത്തെക്കുറിച്ച് നിരവധി തവണ അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ അവഗണിക്കുകയായിരുന്നുവെന്നാണ് മുംബൈയിലെ ജനങ്ങള്‍ പറയുന്നത്. തങ്ങള്‍ക്കു വേണ്ടത് ബുള്ളറ്റ് ട്രെയിനുകളല്ല. മറിച്ച് കൂടുതല്‍ സുരക്ഷയുള്ള മേല്‍പ്പാലങ്ങളും റെയില്‍വെ പ്ലാറ്റ് ഫോമുകളാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇക്കാര്യമുന്നയിച്ച് ഒരു വര്‍ഷം മുമ്പ് പലരും ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനെയും ടാഗ് ചെയ്ത് അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ദയനീയ സ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആറുമാസം മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ ചവറ്റുകുട്ടയില്‍ ഇട്ടതിനാലാണ് ഇപ്പോള്‍ വന്‍ ദുരന്തം സംഭവിച്ചിരിക്കുന്നത്. ഏകദേശം 1600 പേരെങ്കിലും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ട്രെയിനില്‍ നിന്നും തെറിച്ചുവീണും റെയില്‍പാളങ്ങള്‍ മുറിച്ചുകടക്കുമ്പോഴും മുംബൈയില്‍ മരിച്ചിട്ടുണ്ട്.
മുംബൈ റെയില്‍വെ സ്റ്റേഷന്‍ അപകടം: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു
Tags: Mumbai