മുംബൈ: കോടതി നടപടികളില്‍ ഇടയ്ക്കു കയറിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ശാസിച്ച് ആലിബാഗ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ്. മാന്യത കാണിക്കൂ, ഒരു ആരോപണ വിധേയനെ പോലെ പെരുമാറൂ എന്ന് ജഡ്ജ് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ പരിഗണിക്കവെ ചീഫ് മജിസ്‌ട്രേറ്റ് സുനൈന പിന്‍ഗാലെയാണ് കടുത്ത ഭാഷയില്‍ അര്‍ണബിനെ ശാസിച്ചത്.
ഇന്റീരിയല്‍ ഡിസൈനറുടെ ആത്മഹത്യയില്‍ അറസ്റ്റിലായ അര്‍ണബിനെ ബുധനാഴ്ച വൈകിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. ഹര്‍ജി കേട്ട കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
‘കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പ്ലാസ്റ്റിക് മറയ്ക്ക് അപ്പുറത്ത് നില്‍ക്കാനാണ് ജഡ്ജി ഗോസ്വാമിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഡയസിലേക്ക് കയറാന്‍ ഗോസ്വാമി ശ്രമിച്ചു. ഈ നേരം മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കുകയാരുന്നു’ ഇന്റീരിയല്‍ ഡിസൈനര്‍ അന്‍വയ് നായികിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിലാസ് നായിക് പറഞ്ഞു.
കോടതി നടപടിക്രമങ്ങള്‍ക്കിടെ ഗോസ്വാമി തന്റെ പരിക്കുകള്‍ ഉയര്‍ത്തിക്കാട്ടി. ഈ വേളില്‍ ഇടപെട്ട ജഡ്ജി മാന്യത കാണിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. മെഡിക്കല്‍ ഓഫീസറില്‍ നിന്ന് കാര്യങ്ങള്‍ ആരായുന്ന വേളയിലും അര്‍ണബ് ഇടയില്‍ കയറി ഇടപെട്ടു. ഡോക്ടര്‍ കള്ളം പറയുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
ഈ വേളയില്‍ ഇടപെട്ട മജിസ്‌ട്രേറ്റ് ഇത്തരത്തില്‍ പെരുമാറിയാല്‍ കോടതിക്ക് പുറത്തു പോകേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കി. ഇതോടെ ഗോസ്വാമി നിശ്ശബ്ദനാക്കുകയായിരുന്നു. അതിനിടെ, കോടതി നടപടികള്‍ക്ക് തടസ്സമുണ്ടാക്കിയ ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേകറെ കോടതി പുറത്താക്കി.
വിധി വായിക്കുന്നതിനിടെ, കോടതി മുറിയില്‍ വച്ച് ശീതളപാനീയം കുടിക്കാന്‍ ശ്രമിച്ച ഗോസ്വാമിയോട് പൊലീസ് പുറത്തുപോയി കുടിക്കാന്‍ ആവശ്യപ്പെട്ടു.