X

ചെന്നൈയെ തകര്‍ത്ത് മുംബൈ ഫൈനലില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. ചെന്നൈ സൂപ്പര്‍കിങ്‌സിനെ ആറുവിക്കറ്റിന് തകര്‍ത്ത നീലപ്പട ഇതോടെ ഫൈനലില്‍ ഇടമുറപ്പിച്ചു. തോറ്റെങ്കിലും ഹൈദരാബാദ് – ഡല്‍ഹി മത്സരത്തിലെ വിജയിയെ പരാജയപ്പെടുത്താനായാല്‍ ചെന്നൈക്ക് ഫൈനലിലെത്താം. 132 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് മുംബൈക്ക് ആദ്യഓവറില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. വൈകാതെ വിക്കറ്റ് കീപ്പര്‍ ഡികോക്കിനെ ഹര്‍ഭജന്‍ സിങ്ങും മടക്കി. സൂര്യകുമാര്‍ യാദവും ഇഷന്‍ കിഷനും ചേര്‍ന്നാണ് ടീമിന്റെ നില മെച്ചപ്പെടുത്തിയത്. 80 റണ്‍സ് ചേര്‍ത്ത കൂട്ടുകെട്ടിനെ ഇഷന്‍ കിഷന്റെ വിക്കറ്റിലൂടെ താഹിര്‍ പിരിച്ചെങ്കിലും സൂര്യകുമാര്‍ 71 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ഡു പ്ലെസിസും വാട്‌സണും റണ്‍ കണ്ടെത്താന്‍ വിഷമിച്ചു. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ഡുപ്ലെസിസിനെ രാഹുല്‍ ചഹര്‍ മടക്കി. പിന്നീടെത്തിയ റൈനയും വാട്‌സണും പിന്നാലെ മടങ്ങിയതോടെ ചെന്നൈ ആറ് ഓവറില്‍ 32 റണ്‍സിന് മൂന്ന് എന്ന നിലയിലേക്ക് വീണു. മുരളി വിജയും അമ്പാട്ടി റായിഡുവും സ്‌കോര്‍ ബോര്‍ഡ് പതിയെ ചലിപ്പിച്ചു. 26 റണ്‍സെടുത്ത് വിജയ് പുറത്തായെങ്കിലും ധോണിയും റായിഡുവും ചേര്‍ന്ന് സ്‌കോര്‍ 131ലെത്തിക്കുകയായിരുന്നു. റായിഡു 37 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ധോണി 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സറിന്റെ അകമ്പടിയോടെ 37 റണ്‍സ് നേടി. മുംബൈക്കായി രാഹുല്‍ ചഹര്‍ 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

Test User: