മുംബൈ: രണ്ട് ചുവപ്പ് കാര്‍ഡ്… നിറയെ കയ്യാങ്കളി. ഒടുവില്‍ മുംബൈക്ക് നാല് ഗോളിന്റെ ഏകപക്ഷീയ വിജയവും. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്.സിക്കായി 12 ാം മിനിറ്റില്‍ നായകന്‍ ലൂസിയാന്‍ ഗോയന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു. ഇടവേളയ്ക്കു മുന്‍പ് എവര്‍ട്ടണ്‍ സാന്റോസിലൂടെ (43 ാം മിനിറ്റില്‍) ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ തിയാഗോ സാന്റോസും ( 49 ാം മിനിറ്റില്‍) ബല്‍വന്ത് സിംഗും ( 79 ാം മിനിറ്റില്‍) ചേര്‍ന്നു വിജയം ഗംഭീരമാക്കി. ബ്രസീലിയന്‍ താരം എവര്‍ട്ടണ്‍ സാന്റോസ് ആണ് മാന്‍ ഓഫ് ദി മാച്ച് .
എട്ട് മത്സരങ്ങളില്‍ ഈ നാലാം ജയത്തോടെ മുംബൈ സിറ്റി എഫ്.സി 13 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. എഴ് മത്സരങ്ങളില്‍ ഈ ആറാം തോല്‍വിയോടെ ഡല്‍ഹി അവസാന സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.രണ്ടു ടീമുകള്‍ക്കും രണ്ടാം പകുതിയില്‍ പത്തുപേരുമായി കളിക്കേണ്ടി വന്നു. കളിക്കളത്തില്‍ പരസ്പരം എറ്റുമുട്ടിയ സെഹ്്‌നാജ് സിംഗിനെയും (മുംബൈ) മത്യാസ് മിറാബാജെയെയും (ഡല്‍ഹി) ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി.