മുംബൈ: കിസാന്‍ ലോങ് മാര്‍ച്ചിനെക്കുറിച്ച് പരാമര്‍ശം നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കര്‍ഷക മാര്‍ച്ചില്‍ അണിനിരന്ന ഭൂരിപക്ഷം പേരും കര്‍ഷകരല്ലെന്നും 80 ശതമാനം ആദിവാസികളാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും ഭൂമിയില്ലാത്ത ആദിവാസികളാണ്. ദരിദ്രരായ 95 ശതമാനത്തോളം വരുന്ന ആദിവാസികളാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. അല്ലാതെ വായ്പ്പയെടുത്ത കര്‍ഷകരല്ല. കാടും ഭൂമിയുമാണ് അവരുടെ പ്രധാനപ്പെട്ട ആവശ്യം. ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. പ്രക്ഷോഭകരുടെ ആവശ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മന്ത്രി പാന്തുറാങ് ഫന്റ്കര്‍ ഉള്‍പ്പെടെ ആറുമന്ത്രിമാരാണ് സമിതിയിലുള്ളത്.
അതേസമയം, കര്‍ഷക പ്രതിനിധികളുമായി മുഖ്യമന്ത്രി ഫഡ്‌നാവിസ് ചര്‍ച്ച തുടങ്ങി. എല്ലാ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.