കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടുമെത്തുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം വിജയം മാത്രം. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ ബ്ലാസ്റ്റേഴ്‌സിനെ ബാധിച്ചിട്ടുണ്ട്. ആരാധകരും അസ്വസ്ഥരാണ്. ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ ലീഗിലെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍, വിജയപാതയിലെത്തി നിരാശ മറയ്ക്കാനാവുമെന്ന് ബ്ലാസ്റ്റേഴ്‌സ് കരുതുന്നു.
കിക്കോഫ് വൈകിട്ട് 7.30ന്. കൊച്ചിയിലെ കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ക്കും രണ്ട് ദിവസം മുമ്പേ ടിക്കറ്റുകള്‍ മുഴുവനായും വിറ്റുപോയിരുന്നെങ്കിലും ഇന്നത്തെ കളിക്ക് അത്ര ആവേശമില്ല. തുടര്‍ച്ചയായ തോല്‍വികള്‍ തന്നെ കാരണം. ടിക്കറ്റുകള്‍ ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസില്‍ നിന്നും വാങ്ങാം. നിലവില്‍ മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് 9ാം സ്ഥാനത്താണ്. ഇതുവരെ തോല്‍വിയറിയാത്ത മുംബൈ സിറ്റി എഫ്‌സി അഞ്ച് പോയിന്റുമായി നാലാം സ്ഥാനത്തും. നേര്‍ക്കുനേര്‍ കണക്കുകളിലും മുംബൈയാണ് മുന്നില്‍. പതിനാറില്‍ ആറ് ജയം, ബ്ലാസ്റ്റേഴ്‌സ് നാലെണ്ണം ജയിച്ചു. അതില്‍ രണ്ടും കഴിഞ്ഞ സീസണില്‍.ഈസ്റ്റ് ബംഗാളിനോട് ജയിച്ചുതുടങ്ങിയ നിലവിലെ രണ്ടാം സ്ഥാനക്കാര്‍, എടികെ മോഹന്‍ ബഗാനോടും ഒഡീഷ എഫ്‌സിയോടുമാണ് തുടര്‍ച്ചയായി തോറ്റത്.